
ചെന്നൈ: കരൂരില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു ദുരന്തം ആദ്യമാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു. ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
ഈ സമയത്ത് രാഷ്ട്രീയ താത്പര്യത്തോടെ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇതുവരെ 39 പേര്‍ മരിച്ചു. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്കിടെ ഇത്രയധികം പേര്‍ മരിക്കുന്നത് ആദ്യമാണ്. ഇനിയൊരിക്കലും ഇങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ താത്പര്യത്തോടെ ഒന്നും ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇത് അതിനുള്ള സമയമല്ല. അപകടത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അതിനു ശേഷം സത്യം തെളിഞ്ഞാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു. നിലവില്‍ 51 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഹൃദയം തകര്‍ന്ന വേദനയോടെ ആദരാഞ്ജലി നേരുന്നു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും ധനസഹായം നല്‍കും. ജുഡീഷ്യല്‍ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചതായും സ്റ്റാലിന്‍ വ്യക്തമാക്കി.