
ഛത്തീസ്ഗഡ്: രണ്ട് മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത കേസ് കെട്ടിച്ചമച്ചതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ഭരണഘടനയ്‌ക്കെതിരെയും രാജ്യത്തിനെതിരെയും ചില സംഘടനകൾ പ്രവർത്തിക്കുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയെന്നും സിബിസിഐ വക്താവ് റോബിൻസൺ റോഡ്രിഗസ്.
സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുർഗിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത റെയില്‍വേ പൊലീസ് പിന്നീട് ചില തീവ്രഹിന്ദു സംഘടനകളില്‍പ്പെട്ടവരെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്. ഇവർ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയും കന്യാസ്ത്രീകളെ അധികൃതർ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
അതേസമയം, കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ നിന്ന് കൂട്ടിക്കൊണ്ട് വരാൻ പോയ മൂന്ന് പെൺകുട്ടികളും ക്രിസ്ത്യൻ വിഭാഗക്കാരാണെന്ന് സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശാ പോൾ പറയുന്നു. കൃത്യമായ യാത്രാ രേഖകളും കന്യാസ്ത്രീകളുടെ പക്കൽ ഉണ്ടായിരുന്നു. മത പരിവർത്തനം നടത്തിയിട്ടില്ലെന്നും തിങ്കളാഴ്ച കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും സിസ്റ്റർ ആശാ പോൾ അറിയിച്ചു.