
ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ 25കാരിയായ ഇതര സംസ്ഥാനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു പൊലീസുകാർ. തിങ്കളാഴ്ച ആന്ധ്രയിൽ നിന്നും തിരുവണ്ണാമലൈയിലേക്ക് ഫ്രൂട്ട്സ് കച്ചവടത്തിനെത്തിയ യുവതിയും അമ്മയുമാണ് പൊലീസിൻ്റെ രാത്രി പട്രോളിൽ അകപ്പെട്ടത്.
വിൽപ്പനക്കാരായ സ്ത്രീകൾ സഞ്ചരിച്ചിരുന്ന വാഹനം രാത്രി രണ്ട് പൊലീസുകാർ ചേർന്ന് തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. അമ്മയേയും മകളേയും പിന്നീട് ഇവരെ ആളൊഴിഞ്ഞ ഇടത്ത് എത്തിക്കുകയും, കോൺസ്റ്റബിൾമാരായ ഡി. സുരേഷ് രാജ്, പി. സുന്ദർ എന്നിവർ മകളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സംസ്ഥാനത്തിൻ്റെ ക്രമസമാധാന പാലനരംഗത്ത് സംഭവിച്ച ഇരുണ്ടൊരു പാടായി ഈ സംഭവം മാറിയെന്ന് പ്രതിപക്ഷ നേതാവും എഐഎഡിഎംകെ മേധാവിയുമായ എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. "ഡിഎംകെ സർക്കാർ നാണിച്ച് തലതാഴ്ത്തണം. പൊലീസിൽ നിന്ന് പോലും സ്ത്രീകൾ തങ്ങളെ തന്നെ സംരക്ഷിക്കേണ്ട ഗതികേടാണ് സ്റ്റാലിൻ മോഡൽ ഭരണത്തിന് കീഴിൽ," കെ. പളനിസ്വാമി വിമർശിച്ചു.