
ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ വ്യാഴാഴ്ച മാവോയിസ്റ്റ് ഗ്രൂപ്പുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അര്‍ധരാത്രി 12.30 ഓടെയാണ് പൊലീസും തൃതീയ പ്രസ്തുതി കമ്മിറ്റിയും തമ്മില്‍ വെടിവെയ്പ്പ് നടന്നത്.
കേഡല്‍ ഗ്രാമത്തില്‍ ടിഎസ്പിസി കമാന്‍ഡര്‍ ശശികാന്ത് ഗന്‍ഝുവിന്റെയും സംഘത്തിന്റെയും സാന്നിധ്യമുണ്ടെന്ന സംശയത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിവെയ്പ്പ് ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ ടിഎസ്പിസി അംഗങ്ങള്‍ വെടിവെയ്ക്കാന്‍ തുടങ്ങി.
മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേര്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചതെന്ന് പലാമു ഡിഐജി നൗഷാദ് ആലം പിടിഐയോട് പറഞ്ഞു.