താക്കറെ കസിന്‍സ് വീണ്ടും അടുക്കുന്നോ? 20 വർഷത്തിന് ശേഷം വേദി പങ്കിട്ട് ഉദ്ധവും രാജും

സ്കൂളുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെടുത്തിയതിൻ്റെ ഭാഗമായി സംഘടിപ്പിച്ച മഹാറാലിയിലാണ് താക്കറെമാർ പിണക്കം മറന്ന് വേദി പങ്കിട്ടത്
'ആവാജ് മറാത്തിച്ച' മഹാറാലിയില്‍ രാജ് താക്കറെയും ഉദ്ധവ് താക്കറെയും
'ആവാജ് മറാത്തിച്ച' മഹാറാലിയില്‍ രാജ് താക്കറെയും ഉദ്ധവ് താക്കറെയുംSource: @ShivSenaUBT_
Published on
Updated on

രണ്ട് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ചേരിതിരിവിനു ശേഷം ഒന്നിച്ച് ഒരു വേദിയിലെത്തി ഉദ്ധവ് താക്കറെയും രാജ് താക്കറെയും. സ്കൂളുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെടുത്തിയതിൻ്റെ ഭാഗമായി സംഘടിപ്പിച്ച മഹാറാലിയിലാണ് താക്കറെമാർ പിണക്കവും തർക്കവും മറന്ന് വേദി പങ്കിട്ടത്. അണിയറയില്‍ ഉദ്ധവ്-രാജ് സഖ്യ ചർച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.

'ആവാജ് മറാത്തിച്ച' (മറാത്തികളുടെ ശബ്ദം) എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് 2005ന് ശേഷം ആദ്യമായി ഇരുനേതാക്കളും ഒരു വേദി പങ്കിട്ടത്. ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), മഹാരാഷ്ട്ര നവനിർമാൺ സേനയും (എംഎൻഎസ്) ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ പ്രൈമറി സ്കൂളുകളില്‍ ഹിന്ദി മൂന്നാം ഭാഷയായി നിർബന്ധമാക്കുന്ന മഹായുതി സർക്കാരിന്റെ വിവാദ തീരുമാനമാണ് താക്കറെ കസിന്‍സിന്റെ ഐക്യ പ്രകടനത്തിന് കാരണമായത്. മറാത്തി ഭാഷാ സ്വത്വത്തിന് വേണ്ടി വാദിച്ച രാജ് താക്കറെയും ഉദ്ധവ് താക്കറെയും നിശിതമായ ഭാഷയിലാണ് സർക്കാറിന്റെ ത്രിഭാഷാ നയത്തെ വിമർശിച്ചത്.

'ആവാജ് മറാത്തിച്ച' മഹാറാലിയില്‍ രാജ് താക്കറെയും ഉദ്ധവ് താക്കറെയും
മഴക്കെടുതിയിൽ വലഞ്ഞ് ഉത്തരേന്ത്യ; മരണസംഖ്യ ഉയരുന്നു, മേഘ വിസ്ഫോടനങ്ങളിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടം

"ബാല്‍ താക്കറെയ്ക്ക് സാധിക്കാതിരുന്ന, മറ്റു പലർക്കും സാധ്യമാകാതിരുന്ന കാര്യം, ദേവേന്ദ്ര ഫഡ്നാവിസ് സാധ്യമാക്കി, ഞങ്ങളെ ഒരുമിച്ച് കൊണ്ടുവന്നു," വേദിയില്‍ വെച്ച് രാജ് താക്കറെ പറഞ്ഞു. നിയമസഭയില്‍ നിങ്ങള്‍ക്കായിരിക്കാം അധികാരം പക്ഷേ തെരുവില്‍ തങ്ങള്‍ക്കാണെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.

"എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഈ ത്രിഭാഷാ സമവാക്യം കിട്ടിയത്? ഇത് കേന്ദ്ര സർക്കാരില്‍ നിന്ന് വന്നതാണ്. ഇന്ന്, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എല്ലാം ഇംഗ്ലീഷിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ അത് ഇല്ല. എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ മാത്രം? മഹാരാഷ്ട്ര ഉണരുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്ക് കാണാം," രാജ് താക്കറെ പറഞ്ഞു.

രാജ് താക്കറെയുടെ സ്ഫോടനാത്മകമായ പ്രസംഗത്തിനു ശേഷമായിരുന്നു ഉദ്ധവിന്റെ ഊഴം. മൃദു നിലപാട് സ്വീകരിക്കുമ്പോഴും രാജ് താക്കറെയുമായി രാഷ്ട്രീയമായി അടുക്കുന്നുവെന്ന സൂചന നിറഞ്ഞതായിരുന്നു ഉദ്ധവിന്റെ പ്രസംഗം. "ഒരു കാര്യം വ്യക്തമാണ്, ഞങ്ങൾക്കിടയിലുള്ള അകലം ഞങ്ങൾ ഇല്ലാതാക്കി. ഞങ്ങൾ ഒന്നിച്ചു, ഞങ്ങൾ ഒരുമിച്ച് നിൽക്കും," ഉദ്ധവ് പറഞ്ഞു. മറാത്തികള്‍ക്കായി പാർട്ടി വിഭജനം എല്ലാവരും മറന്നതായും ഉദ്ധവ് കൂട്ടിച്ചേർത്തു.

2005ലെ മാൽവൻ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജും ഉദ്ധവും അവസാനമായി പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പാർട്ടി വിട്ട മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെ രാജിവെച്ചതിനെ തുടർന്നാണ് മാൽവനില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. പ്രചാരണം അവസാനിച്ച് അധികം വൈകാതെ രാജ് താക്കറെ ശിവസേന വിട്ടു.

'ആവാജ് മറാത്തിച്ച' മഹാറാലിയില്‍ രാജ് താക്കറെയും ഉദ്ധവ് താക്കറെയും
ഇന്ത്യ-പാക് സംഘർഷം ചൈന ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള 'ലൈവ് ലാബ്' ആയി ഉപയോഗിച്ചു: ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി

2005 നവംബറിൽ ശിവാജി പാർക്കിൽ നടന്ന വാർത്താസമ്മേളനത്തിലാണ് തന്റെ അമ്മാവന്‍ കൂടിയായ ബാല്‍ താക്കറെ സ്ഥാപിച്ച പാർട്ടിയില്‍ നിന്ന് രാജ് താക്കറെ രാജി പ്രഖ്യാപിച്ചത്. പാർട്ടിയില്‍ ബഹുമാനം ലഭിക്കുന്നില്ലെന്നും അപമാനിക്കപ്പെടുന്നുവെന്നും ഉദ്ധവിന്റെ പേര് പരാമർശിക്കാതെ ചൂണ്ടിക്കാട്ടിയാണ് രാജ് പാർട്ടി വിട്ടത്.

2003 ജനുവരിയിൽ ബാൽ താക്കറെ തന്റെ മകൻ ഉദ്ധവിനെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി നാമനിർദ്ദേശം ചെയ്തതോടെയാണ് ശിവസേനയ്ക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്. രാജ് താക്കറെ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ബാല്‍ താക്കറെയുടെ രാഷ്ട്രീയ അനന്തരാവകാശിയായി പാർട്ടിപ്രവർത്തകരും അനുഭാവികളും രാജിനെയാണ് പ്രതീക്ഷിച്ചിരുന്നത്. ബാൽ താക്കറെയുടെ തീരുമാനം പാർട്ടിക്കുള്ളില്‍ ഭിന്നതകള്‍ക്ക് കാരണമായി. ഇതിന്റെ പാരമ്യത്തിലാണ് രാജ് താക്കറെ പാർട്ടി വിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com