
ഛത്തീസ്ഗഡ്: അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിച്ച് യുഡിഎഫ് എംപിമാർ. മുൻ മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്നാണ് എംപിമാർക്ക് കന്യാസ്ത്രീകളെ കാണാനായത്. 15 മിനിറ്റ് സമയം അനുവദിക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് എത്തിയ എംപിമാർക്ക് അനുമതി നിഷേധിച്ചിരുന്നു. ഇന്ന് അവസരമില്ല നാളെ വരണം എന്നുമായിരുന്നു ജയിൽ അധികൃതരുടെ പ്രതികരണം. അതേസമയം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിക്ക് കന്യാസ്ത്രീകളെ കാണാൻ അനുമതി നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഇടപെട്ടത്.
കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റാരോപണങ്ങളും തെറ്റെന്ന് ജയിലിൽ സന്ദർശനത്തിന് ശേഷം എംപിമാർ പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ കയ്യിൽ എല്ലാ രേഖകളും ഉണ്ടായിരുന്നു. വീട്ടുകാരുടെ സമ്മതമുണ്ടായിരുന്നു, മൂന്ന് പേരും പ്രായപൂർത്തി ആയവരാണെന്നും, എംപിമാർ പറഞ്ഞു. പെൺകുട്ടികളുടെ ബാഗിൽ നിന്ന് 2000 രൂപയും പ്രവർത്തകർ കണ്ടെടുത്തെന്നും എംപിമാർ.
പൊലീസ് നോക്കിനിൽക്കെ പെൺകുട്ടികളുടെ ബാഗ് തുറന്ന് ബജ്രംഗ്‌ദൾ പ്രവർത്തകർ അടിവസ്ത്രങ്ങളടക്കം പരിശോധിച്ചു. ബജ്രംഗ്‌ദൾ പ്രവർത്തകരാണ് ചോദ്യം ചെയ്തത്. കേട്ടലറയ്ക്കുന്ന ഭാഷയാണ് കന്യാസ്ത്രീകൾക്ക് നേരെ ബജ്രംഗ്‌ദൾ പ്രവർത്തകർ ഉപയോഗിച്ചത്. മൂങ്ങയെപ്പോലെ വായമൂടി നിന്നുകൊള്ളണമെന്ന് കന്യാസ്ത്രീമാരെ ഭീഷണിപ്പെടുത്തി. കന്യാസ്ത്രീമാരെയും പെൺകുട്ടികളെയും ആൾക്കൂട്ടവിചാരണ ചെയ്തത് പൊലീസിൻ്റെ സാന്നിദ്ധ്യത്തിലാണെന്നും എംപിമാർ പറഞ്ഞു.