
ഡൽഹി: കലാപ ഗൂഢാലോചന കേസിൽ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. ഗൂഢാലോചന കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഷർജീൽ ഇമാം ഉൾപ്പടെ ഒൻപത് പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കലാപക്കേസിൽ ഗൂഢാലോചനയാരോപിച്ച് ജെഎൻയു വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദിനെ 2020 സെപ്റ്റംബർ 14നാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ ഉൾപ്പടെയുള്ള ഗുരുതുര വകുപ്പുകളും ഖാലിദിനെതിരെ ചുമത്തിയിട്ടുണ്ട്. ഫെബ്രുവരി 17ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം ബിജെപി ഐടി സെൽ പ്രചരിപ്പിച്ചത്. ഈ പ്രസംഗം മുന്നോട്ട് വച്ചാണ് ഗൂഢാലോചന ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്തത്.
1967ലെ ആയുധം കൈവശം വെക്കല്‍ നിയമം, യുഎപിഎ, കലാപശ്രമം, കൊലപാതകം, വധശ്രമം, രാജ്യദ്രോഹം, തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. അഞ്ച് വർഷത്തിലധികമായി ജാമ്യമില്ലാതെ തടവിൽ കഴിയുകയാണ് ഉമർ ഖാലിദ്. കീഴ്കോടതിയിലും സുപ്രീം കോടതിയിലും നേരത്തെ ജാമ്യഹർജി നൽകിയെങ്കിലും തള്ളിയിരുന്നു. പലകുറി സുപ്രീം കോടതി ഹർജി മാറ്റിവെച്ചു. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 2500 പേരിൽ 2000 പേർക്ക് കീഴ്കോടതികൾ തന്നെ ജാമ്യം നൽകിയിരുന്നു. കേസിൽ ഇനിയും വിചാരണ ആരംഭിച്ചിട്ടില്ല.