

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം 10 പേരുടെ മരണത്തിന് കാരണമായ സ്ഫോടനത്തിലെ ചാവേർ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദ് കോട്ടയ്ക്കടുത്തുള്ള ഒരു പാർക്കിംഗ് സ്ഥലത്ത് മൂന്ന് മണിക്കൂറിലധികം കാറിനുള്ളിൽ കഴിഞ്ഞതായി വിവരം.
കാർ പാർക്ക് ചെയ്ത ശേഷം ഒരു തവണ പോലും അയാൾ കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഇയാൾ ആരെയെങ്കിലും കാത്തിരിക്കുകയോ അല്ലെങ്കിൽ പാർക്കിംഗ് സ്ഥലത്ത് നിർദേശങ്ങൾക്കായി കാത്തിരിക്കുകയോ ചെയ്തിട്ടുണ്ടാവാമെന്നാണ് പൊലീസിൻ്റെ നിഗമനം.
HR 26CE7674 എന്ന നമ്പർ പ്ലേറ്റുള്ള ഹ്യുണ്ടായി i20 കാർ ഉച്ചകഴിഞ്ഞ് 3:19 നാണ് പാർക്കിംഗ് സ്ഥലത്ത് എത്തിയത്. പിന്നീട് ഏകദേശം 6:30 നാണ് ഇത് പാർക്കിംഗിൽ നിന്നും എടുത്തത്. കാർ ബദർപൂർ അതിർത്തിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാൾ കാറിന് പുറത്തേക്ക് കൈയിട്ടിരിക്കുന്നതും ആ സമയത്ത് നീലയും കറുപ്പും കലർന്ന ഒരു ടീ-ഷർട്ട് ധരിച്ചിരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം.
സ്ഫോടനം നടത്താനുപയോഗിച്ച i20 യുടെ യഥാർഥ ഉടമ മുഹമ്മദ് സൽമാൻ മാർച്ചിലാണ് ദേവേന്ദർ എന്ന വ്യക്തിക്ക് ഈ കാർ വിറ്റത്. പിന്നീട് ദേവേന്ദർ അത് ആമിർ എന്ന വ്യക്തിക്ക് വിറ്റു അയാൾ വാഹനം ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ താരിഖിന് കൈമാറുകയുമായിരുന്നു. തുടർന്ന് താരിഖ് അത് ഉമറിന് വിറ്റതായും പൊലീസ് അറിയിച്ചു.നിലവിൽ ആമിറിനേയും താരിഖിനേയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ വൈകിട്ട് 6.52 ന് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്. മൃതദേഹങ്ങളും തകർന്ന കാറുകളും ചിതറിക്കിടക്കുന്ന രീതിയിലായിരുന്നു സംഭവസ്ഥലം. സ്ഫോടനം നടന്ന് മിനിറ്റുകൾക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്കെത്തുകയും പരിക്കേറ്റ ആളുകളെ അടുത്തുള്ള ലോക് നായക് ഹോസ്പിറ്റലിലേക്കെത്തിക്കുകയുമായിരുന്നു.
തലസ്ഥാനത്ത് നിന്ന് വെറും 50 കിലോമീറ്റർ അകലെയുള്ള ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത അതേ ദിവസമാണ് സ്ഫോടനം നടന്നത്. മൊഡ്യൂളിലെ രണ്ട് പ്രധാന അംഗങ്ങളായ ഡോ. മുജമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാത്തർ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഭ്രാന്തനായ കാർ ഉടമ ഉമർ മുഹമ്മദ് മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഫരീദാബാദിൽ നിന്ന് കണ്ടെത്തിയ സ്ഫോടന വസ്തുക്കളിൽ ഉൾപ്പെട്ട അമോണിയം നൈട്രേറ്റ് സ്ഫോടനത്തിൽ ഉപയോഗിച്ചതായും വൃത്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്.