

ഡൽഹി: 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ മാത്രമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് രാഹുൽ വോട്ട് ചോരി ഉന്നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയുമൊന്നും തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ഇപ്പോഴത്തെ പ്രതിഷേധങ്ങൾകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും പഞ്ചാബിലും ബിജെപി ഭരിക്കാൻ പോകുകയാണെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡൽഹിയിൽ യമുനാ നദി പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വോട്ട് മോഷണ ആരോപണങ്ങൾ ഉന്നയിച്ച് നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി കോൺഗ്രസിന് ജയിക്കാനായിട്ടില്ല. പ്രധാനമന്ത്രി മോദി അധികാരത്തിൽ വരുന്നതിന് വളരെ മുമ്പ് തന്നെ ഈ അവസ്ഥ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് കളിക്കുന്നത് നെഗറ്റീവ് രാഷ്ട്രീയമാണ്. 2030വരെ ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ജയിക്കാനാകില്ല. കോൺഗ്രസ് ജയിക്കുമ്പോൾ നിങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നല്ലതാണ്. തോൽക്കുമ്പോൾ കമ്മീഷന് കുഴപ്പമായി. എന്റെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക, അടുത്ത 30 വർഷത്തേക്ക് നിങ്ങളുടെ ഊഴം വരില്ല", അമിത് ഷാ പറഞ്ഞു.
"രാഷ്ട്രീയ ജാലവിദ്യകളും അരാജകത്വവും കൊണ്ട് നിങ്ങൾക്ക് ജനവിധിയെ മാറ്റിമറിക്കാനാവില്ല. തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ നിങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കണം. എവിടെയാണോ നിങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നത്, അവിടെ ജനക്ഷേമത്തിനായുള്ള പദ്ധതികൾ നടപ്പാക്കൂ. അല്ലാത്തപക്ഷം ഇനി ഭരണത്തിലുള്ള സ്ഥലങ്ങളിൽ നിന്നും നിങ്ങൾ തുടച്ചുമാറ്റപ്പെടും. ബിജെപി തെരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ ഒക്കെ അവർ വോട്ട് ചോരി ആരോപണം ഉന്നയിക്കും. ജനങ്ങളുടെ വോട്ടുകൾ കൊണ്ടല്ല വോട്ട് ചോരിയാണ് ബിജെപിയെ അധികാരത്തിൽ എത്തിക്കുന്നതെന്നാണ് അവർ പറയുന്നത്. വാസ്തവത്തിൽ, വോട്ട് ചോരി എന്ന ആരോപണമുന്നയിച്ച് നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ ഉറപ്പാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. കേരളത്തിലും ഹിമാചൽ പ്രദേശിലും തെലങ്കാനയിലും പ്രതിപക്ഷം ജയിച്ചപ്പോൾ ആരോപണങ്ങളുണ്ടായില്ല. അവിടെയും ഇതേ വോട്ടിങ് മെഷീനും ഇതേ തെരഞ്ഞെടുപ്പ് കമ്മിഷനും തന്നെയായിരുന്നു", അമിത് ഷായുടെ വാക്കുകൾ.