

ലഖ്നൗ: വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് യുവതി അതീവ ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഈ പ്രദേശത്തെ ജ്വല്ലറിയില്‍വച്ചാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീ കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുന്നതും തൊട്ടുപിന്നാലെ പുറത്തേക്ക് തുപ്പാന്‍ ഓടുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.
അര്‍ജുന്‍ നഗര്‍ പ്രദേശത്തെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാന്‍ എത്തിപ്പോള്‍ കടുത്ത ദാഹം തോന്നിയതിനെ തുടര്‍ന്ന് യുവതി കുടിക്കാന്‍ വെള്ളം ചോദിച്ചു. ശേഷം ജ്വല്ലറിയിലെ ജീവനക്കാരന്‍ സമീപത്തെ കടയില്‍ നിന്ന് മിനറല്‍ വാട്ടര്‍ ബോട്ടില്‍ വാങ്ങി നല്‍കി. ഫ്രിഡ്ജില്‍ ഇരുന്ന കുപ്പി അതേപടി ജീവനക്കാരന് നല്‍കിയെന്നാണ് മിനറല്‍വാട്ടര്‍ ബോട്ടില്‍ വിറ്റ കടക്കാരന്‍ അവകാശപ്പെടുന്നത്. ജീവനക്കാരന്‍ ഈ കുപ്പി കൊണ്ടുവന്ന് നല്‍കി. ഇത് കുടിച്ചതും യുവതി വേദനകൊണ്ട് നിലവിളിക്കുകയും തുപ്പിക്കളയാനായി കടയ്ക്ക് പുറത്തേക്ക് ഓടുകയുമായിരുന്നു.
പരിശോധനയില്‍ കുപ്പിയിലുണ്ടായിരുന്നത് ആസിഡ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മിനറല്‍വാട്ടര്‍ വില്‍പന നടത്തിയ കടക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുപ്പി സീല്‍ ചെയ്തതാണെന്നും ഫ്രിഡ്ജില്‍ നിന്നെടുത്ത് അതേപടിയാണ് നല്‍കിയതെന്നുമാണ് കടയുടയുടെ അവകാശവാദം.