

ഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടായി ഏറ്റവും പുതിയ ജാവലിൻ മിസൈലുകളും എക്സ്‌കാലിബർ പ്രൊജക്‌ടൈലുകളും യുഎസിൽ നിന്ന് വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ നീക്കം. 92.8 മില്യൺ ഡോളറിൻ്റെ പ്രതിരോധ ഉപകരണങ്ങളാണ് യുഎസ് സർക്കാരിന് കീഴിലെ ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി (DSCA) ഇന്ത്യൻ സർക്കാരിന് കൈമാറാനൊരുങ്ങുന്നത്.
ഈ ആയുധ വിൽപ്പന ഇന്ത്യയുടെ നിലവിലേയും ഭാവിയിലേയും സുരക്ഷാ പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ് മെച്ചപ്പെടുത്തുമെന്നും യുഎസ് പ്രതിരോധ വിഭാഗം വിലയിരുത്തി. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്നതിലൂടെ, ഈ ആയുധവിൽപ്പന അമേരിക്കയുടെ വിദേശനയത്തേയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുമെന്നും ഡിസ്‌സിഎ വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ള 45.7 മില്യൺ ഡോളറിൻ്റെ ആദ്യ വിൽപ്പന പാക്കേജിൽ ജാവലിൻ എഫ്‌ജിഎം 148 മിസൈൽ, 25 ജാവലിൻ ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ അല്ലെങ്കിൽ ജാവലിൻ ബ്ലോക്ക് വൺ കമാൻഡ് ലോഞ്ച് യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് ഡിസ്‌സിഎ ഒരു പ്രസ്താവനയിൽ അറിയിച്ചു.
കൂടാതെ, ജാവലിൻ എൽഡബ്ല്യുസിഎൽയു അല്ലെങ്കിൽ സിഎൽയു ബേസിക് സ്കിൽസ് ട്രെയിനർമാർ, മിസൈൽ സിമുലേഷൻ റൗണ്ടുകൾ, ബാറ്ററി കൂളൻ്റ് യൂണിറ്റ്, ഇൻ്ററാക്ടീവ് ഇലക്ട്രോണിക് ടെക്നിക്കൽ മാനുവൽ, ജാവലിൻ ഓപ്പറേറ്റർ മാനുവലുകൾ, ലൈഫ് സൈക്കിൾ സപ്പോർട്ട്, ഫിസിക്കൽ സെക്യൂരിറ്റി ഇൻസ്പെക്ഷൻ, സ്പെയർ പാർട്സ്, സിസ്റ്റം ഇൻ്റഗ്രേഷൻ ആൻഡ് ചെക്ക് ഔട്ട്, സെക്യൂരിറ്റി അസിസ്റ്റൻസ് മാനേജ്മെൻ്റ് ഡയറക്ടറേറ്റ് (എസ്എഎംഡി) സാങ്കേതിക സഹായം, ടാക്റ്റിക്കൽ ഏവിയേഷൻ ആൻഡ് ഗ്രൗണ്ട് മ്യൂണിഷൻസ് (ടിഎജിഎം) പ്രോജക്ട് ഓഫീസ് സാങ്കേതിക സഹായം, ടൂൾ കിറ്റുകൾ, പരിശീലനം, ബ്ലോക്ക് 1 സിഎൽയു നവീകരണ സേവനങ്ങൾ, ലോജിസ്റ്റിക്സിന്റെയും പ്രോഗ്രാം പിന്തുണയുടെയും മറ്റ് അനുബന്ധ ഘടകങ്ങൾ.. എന്നിവയും യുഎസ് പാക്കേജിൽ ഉൾപ്പെടുന്നു.
അതേസമയം, രണ്ടാമത്തെ വിൽപ്പന പാക്കേജ് 47.1 മില്യൺ ഡോളറിൻ്റെ എക്സ്‌കാലിബർ പ്രൊജക്‌ടൈലുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിൽപ്പനയ്ക്കാണ് അംഗീകാരം നൽകുന്നത്. ഇന്ത്യ ആകെ 216 എണ്ണം 'എം982എ1 എക്സാലിബർ ടാക്ടിക്കൽ പ്രൊജക്‌ടൈലുകൾ' വരെ വാങ്ങാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് ഡിഎസ്‌സിഎ പ്രസ്താവനയിൽ പറഞ്ഞു.
ഈ പാക്കേജിൽ താഴെ പറയുന്ന നോൺ എംഡിഇ ഇനങ്ങളും ഉൾപ്പെടുന്നുണ്ട്. മെച്ചപ്പെട്ട പ്ലാറ്റ്‌ഫോം ഇൻ്റഗ്രേഷൻ കിറ്റ് (iPIK) ഉള്ള പോർട്ടബിൾ ഇലക്ട്രോണിക് ഫയർ കൺട്രോൾ സിസ്റ്റംസ് (PEFCS), പ്രൈമറുകൾ, പ്രൊപ്പല്ലൻ്റ് ചാർജുകൾ, യുഎസ് ഗവൺമെൻ്റിൻ്റെ സാങ്കേതിക സഹായം, സാങ്കേതിക ഡാറ്റ, റിപ്പയർ, റിട്ടേൺ സേവനങ്ങൾ, ലോജിസ്റ്റിക്സ് പ്രോഗ്രാം സപ്പോർട്ട് എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.