
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം. നിരവധി വീടുകള്‍ ഒലിച്ചുപോയതായും 60 ഓളം പേരെ കാണാതായെന്നും റിപ്പോര്‍ട്ട്. ഖീര്‍ ഗംഗ നദിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് മേഘവി സ്‌ഫോടനം ഉണ്ടായത്.
ഉത്തരകാശിയിലെ തരാലി ഗ്രാമത്തിലേക്ക് കുന്നിന്‍ മുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നദിക്കരയില്‍ നിന്നും ആളുകള്‍ മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകാശി പൊലീസ് സോഷ്യല്‍ മീഡിയയില്‍ മേഘവിസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കുട്ടികളെയും മൃഗങ്ങളെയുമൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിവരങ്ങള്‍ തേടി.
ഐടിബിപി, എന്‍ഡിആര്‍എഫ് സംഘങ്ങളോട് ദുരന്തസ്ഥലത്ത് എത്താന്‍ നിര്‍ദേശം നല്‍കി. നിലവില്‍ സൈന്യത്തിന്റെയും എസ്ഡിആര്‍എഫ് പൊലീസ് എന്നിവരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.