

മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിലെ തീപിടിത്തത്തില്‍ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ ആറു കുഞ്ഞുങ്ങളെ അടുത്തുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി, മറ്റു കുഞ്ഞുങ്ങളെ ഒഴിപ്പിച്ചു. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ സ്‌പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ (എസ്.എന്‍.സി.യു) പുലർച്ചെ 3.15ഓടെയായിരുന്നു സംഭവം. സംഭവസമയത്ത് 39 നവജാത ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. മാസം തികയാതെ ജനിച്ചവരും, ജന്മനാ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളായിരുന്നു ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്.
ആശുപത്രിയുടെ മൂന്നാം നിലയിലെ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നായിരുന്നു തീപിടിത്തം. ഗുരുതരമായി പൊള്ളലേറ്റും, പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങളുടെ മരണം. പുക ശ്വസിച്ച് അവശ നിലയിലായ ആറ് കുഞ്ഞുങ്ങളെ തൊട്ടടുത്തുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ താല്‍ക്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവുങ്കുലെ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് എല്ലാവിധ വൈദ്യസഹായവും ഉറപ്പാക്കിയിട്ടുണ്ട്. തീപിടിത്തം അറിഞ്ഞതിനു പിന്നാലെ, ആശുപത്രി ജീവനക്കാര്‍ കുഞ്ഞുങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും ബാവുങ്കുലെ എക്സില്‍ അറിയിച്ചു.