ന്യൂ ഡൽഹി: സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിശ്വഹിന്ദു പരിഷത്ത്. ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നാൽ നഷ്ടപ്പെട്ട അവസരങ്ങൾ തിരികെ കിട്ടുമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസൽ. ഘർ വാപസീ നടത്താനാണ് എ.ആർ. റഹ്മാനോട് വിനോദ് ബൻസൽ ആവശ്യപ്പെടുന്നത്.
''എ.ആര്‍. റഹ്മാനും, ഒരു കാലത്ത് മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി നേതാവായിരുന്ന വിഭാഗത്തിൻ്റെ നേതാവായി എന്ന് തോന്നുന്നു'' എന്ന് വിനോദ് ബന്‍സല്‍ പറഞ്ഞു. അൻസാരി പത്ത് വര്‍ഷത്തോളം ആനുകൂല്യങ്ങള്‍ പറ്റുകയും ഭരണഘടനാപദവികള്‍ വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിരമിച്ചതോടെ രാജ്യത്തെ അവഹേളിച്ചുവെന്നാണ് ബന്‍സല്‍ പറയുന്നത്. "ഒരുകാലത്ത് എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളും ആരാധിച്ചിരുന്ന സംഗീതജ്ഞനായിരുന്നു എ.ആര്‍. റഹ്മാന്‍. എന്നാൽ ഇപ്പോൾ അദ്ദേഹം സംവിധാനത്തെ വിമർശിക്കുന്നു. എല്ലാവരും അദ്ദേഹത്തെ വെറുക്കുകയും ചെയ്യുന്നു. അദ്ദേഹം ഒരുകാലത്ത് ഹിന്ദുവായിരുന്നു. എന്തിനാണ് ഇസ്ലാം മതം സ്വീകരിച്ചത്? വേഗം ഘര്‍ വാപസി നടത്തൂ. വീണ്ടും അവസരങ്ങള്‍ കിട്ടി തുടങ്ങിയാലോ,'' എന്നും വിനോദ് ബൻസൽ പറഞ്ഞു.
ബോളിവുഡിൽ അവസരം കുറയുന്നതിന് വർഗീയ കാരണവും ഉണ്ടാകാമെന്ന് എ.ആർ. റഹ്മാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഹ്മാൻ്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിഎച്പിയുടെ പ്രതികരണം. ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് എ.ആര്‍. റഹ്മാന്‍ അവസരങ്ങള്‍ കുറയുന്നതിനെക്കുറിച്ച് സംസാരിച്ചത്.