

പ്രത്യക്ഷ ജനാധിപത്യത്തിന്റെ വിജയം
ഇത് ജനാധിപത്യത്തിന്റെ വിജയം. പ്രത്യക്ഷ ജനാധിപത്യം... തെരുവില്‍നിന്ന് നേരിട്ട്. സമാധാനത്തിന്റെ, സഹനത്തിന്റെ, സ്ഥിരോത്സാഹത്തിന്റെ വിജയം. സിജെപിക്ക്, രാജ്യത്തെ ജെന്‍ സിക്ക്, ഭയത്തെയും ഭയത്തിനുമേല്‍ ഭയത്തെയും ഊരിയെറിഞ്ഞ് രാജ്യത്തിന്റെ എല്ലാ കോണില്‍നിന്നും ഉയര്‍ന്നുവന്ന ജനതയ്ക്ക് അഭിനന്ദനങ്ങള്‍. ഉത്തരവാദിത്തത്തില്‍നിന്ന്, ഇനി പരിഷ്കാരങ്ങളിലേക്ക്" - സോനം വാങ്ചുക്
സത്യമേവ ജയതേ..
ഇന്ത്യൻ യുവതയുടെ വിജയം. വിദ്യാർഥികളുടെ പ്രതിഷേധത്തിന്റെ ഫലമാണ് സർക്കാർ നടപടി - അഭിജീത് ദീപ്‌കെ
വലിയ ചുവടുവയ്പ്പ്
പ്രധാന്റെ രാജി വിദ്യാഭ്യാസ സമ്പ്രദായം പുനർനിർമിക്കുന്നതിനുള്ള വലിയ ചുവടുവയ്പ്പ്. രാജ്യത്തുടനീളമുള്ള വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ. ജനാധിപത്യത്തെയും ഭരണഘടനയെയും അവരുടെ ഭാവിയെയും സംരക്ഷിക്കാൻ തെരുവിലിറങ്ങിയ ഓരോ യുവാക്കൾക്കും അഭിന്ദനങ്ങൾ. രണ്ട് ആവശ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു; ഒന്ന്, വിദ്യാർഥികളെയും ഇന്ത്യയുടെ ഭാവിയെയും ബഹുമാനിക്കുന്നതിനൊപ്പം പ്രധാനമന്ത്രി ക്ഷമാപണം നടത്തണം, രണ്ട് വിദ്യാർഥികൾക്കെതിരായ അക്രമത്തിന് കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കണം. ഈ സർക്കാരിനെ നീക്കം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭയപ്പെടേണ്ട. - രാഹുല്‍ ഗാന്ധി
എല്ലാ ഭരണാധികാരികൾക്കുമുള്ള പാഠം
ധർമേന്ദ്ര പ്രധാൻ്റെ രാജി എല്ലാ ഭരണാധികാരികൾക്കുമുള്ള പാഠം... തൻ്റെ സഹോദരൻ അടക്കം വിദ്യാർഥികൾക്ക് ഒപ്പം നിന്ന് പോരാടി - പ്രിയങ്ക ഗാന്ധി
ഇത് യുവാക്കളുടെ വിജയം
തങ്ങളുടെ ആവശ്യങ്ങളുമായി മുന്നോട്ടുവന്ന പുതിയ തലമുറയുടെ വിജയമാണിത്. അവർക്ക് മുന്നിൽ സർക്കാരിന് തലകുനിക്കേണ്ടി വന്നു. - അഖിലേഷ് യാദവ്
യുവജന പ്രതിഷേധങ്ങളുടെ പുതിയ അധ്യായം
ഡൽഹി സമരം ഇന്ത്യയിലെ യുവജന പ്രതിഷേധങ്ങളിൽ പുതിയ അധ്യായം എഴുതി ചേർത്തു. സാധാരണ വിഷയങ്ങളിൽ പരസ്യമായ നിലപാട് എടുക്കാതിരുന്ന പ്രശസ്തരും സമരത്തിനൊപ്പം നിന്നു. 56 ഇഞ്ചുകാരൻ ഭരണത്തിലേറിയ ശേഷം ആദ്യമായാണ് മുട്ടു മടക്കുന്നത്. കർഷക സമരത്തിനു ശേഷം അതുപോലെ അഭിമാനിക്കാവുന്ന നിമിഷം. - എം.എ. ബേബി
പരാജയത്തിന്റെ പ്രതീകം
രാജ്യത്തിന്റെ പരാജയപ്പെടുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ പ്രതീകമാണ് ധർമേന്ദ്ര പ്രധാന്‍ - പവന്‍ ഖേര
വെറുപ്പില്ലാത്ത ധൈര്യം, അക്രമമില്ലാത്ത ശക്തി
ഇന്ത്യ ഒരു വിശ്വഗുരുവാകുക എന്നതിൻ്റെ അർത്ഥം ആരെങ്കിലും കാണിച്ചു തന്നിട്ടുണ്ടെങ്കിൽ അത് ജെൻ സികളാണ്. വെറുപ്പില്ലാത്ത ധൈര്യം, അക്രമമില്ലാത്ത ശക്തി, അന്ധമായ അനുസരണയില്ലാത്ത ദേശസ്‌നേഹം അതാണ് ജെൻ സികള്‍.- ഗീതാഞ്ജലി ആങ്മോ
അപ്രതിരോധ്യമായ സമരതീക്ഷ്‌ണത
അപ്രതിരോധ്യമായ സമരതീക്ഷ്‌ണതയ്ക്ക് മുന്നിൽ കീഴടങ്ങാത്ത അധികാര കേന്ദ്രങ്ങളില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഐതിഹാസികമായ വിദ്യാർഥി- യുവജന പ്രക്ഷോഭത്തിൽ അണിനിരന്ന രാജ്യത്തിൻ്റെ ഭാവിയായ പോരാളികളേ, നിങ്ങൾക്ക് അഭിവാദ്യങ്ങൾ. മത വർഗീയതയും കോർപ്പറേറ്റ് പ്രീണനവും കൊണ്ട് 12 വർഷക്കാലം ഏകാധിപത്യ വാഴ്ച നടത്തിയവരെ വിറപ്പിക്കുകയും മുട്ടുകുത്തിക്കുകയും ചെയ്ത സമരവീര്യം സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ സൗവർണ ദീപ്തമായ ഏടായി അടയാളപ്പെടുത്തുകയാണ്. നിശ്ചയദാർഢ്യത്തിന് ലാൽസലാം. -എം.വി. ഗോവിന്ദൻ
ജനാധിപത്യത്തിന് വലിയ വിജയം
ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ മുഴുവൻ രാജ്യത്തിനും അഭിനന്ദനങ്ങൾ. ജനാധിപത്യത്തിന് വലിയ വിജയം -അരവിന്ദ് കെജ്‌രിവാൾ
മോദിയെ മുട്ടുകുത്തിച്ച ചരിത്രവിജയം
സത്യത്തെയും ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും നന്മകളെയും എല്ലാം തല്ലിക്കൊഴിക്കാമെന്നും തച്ചുടക്കാമെന്നും വ്യാമോഹിച്ച ഒരു ഗവണ്‍മെന്റ് മുട്ടുകുത്തിയിരിക്കുന്നു. ബിജെപി ഗവണ്‍മെന്റിന്റെ രണ്ടാമത്തെ കനത്ത പരാജയമാണിത്. ആദ്യം തോറ്റത് കര്‍ഷകന്റെ പോരാട്ടവീര്യത്തിന് മുന്നിലായിരുന്നുവെങ്കില്‍ അതേ മോദി ഗവണ്‍മെന്റ് ഇപ്പോള്‍ പരാജയപ്പെട്ടത് വിദ്യാര്‍ത്ഥികളുടെയും ജനങ്ങളുടെയും സമരൈക്യത്തിന് മുന്‍പിലാണ്. ഇത് പലതിന്റെയും ആരംഭമാണ്. അജയ്യനാണ് മോദി എന്നും ഒരിക്കലും ബിജെപി യെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല എന്നും എല്ലായ്‌പ്പോഴും പറഞ്ഞുപോന്നവര്‍ക്കെല്ലാം ഉത്തരം കിട്ടിയിരിക്കുന്നു. ധര്‍മ്മേന്ദ്ര പ്രധാനെ രക്ഷിക്കാനായി ബിജെപി ഒരുക്കിയ എല്ലാ തന്ത്രങ്ങളും പാളി പോയിരിക്കുന്നു.ഇനിയും അവര്‍ തന്ത്രങ്ങള്‍ മെനയും. ഈ നാടിന്റെ ലക്ഷ്യബോധമാണ് ഇനി ആളിക്കത്തേണ്ടത്. തീര്‍ച്ചയായിട്ടും അത് ആളിക്കത്തും. എല്ലാ സമര സഖാക്കളെയും വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി അഭിവാദ്യം ചെയ്യുന്നു. - ബിനോയ് വിശ്വം
ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്
ധർമേന്ദ്ര പ്രധാൻ്റെ രാജി സ്വാഗതം ചെയ്യുന്നു. പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ലെന്ന നിലയിലെത്തിയപ്പോഴാണ് വൈകിയെങ്കിലും രാജി ഉണ്ടായത്. പോരാട്ടവും ആത്മധൈര്യവും ഉയർത്തിയ ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട് . - മുഖ്യമന്ത്രി വി.ഡി. സതീശൻ