

ചെന്നൈ: കരൂര്‍ ദുരന്തം നടന്ന് രണ്ട് മാസത്തിനു ശേഷം വിജയ് വീണ്ടും പൊതുവേദിയില്‍. കാഞ്ചീപുരത്ത് ടിവികെയുടെ മീറ്റ് ദി പീപ്പിള്‍ പരിപാടിയിലാണ് വിജയ് എത്തിയത്. കരൂരിനെ കുറിച്ച് വിശദമായി സംസാരിക്കാനുണ്ടെന്നും അത് പിന്നീട് പറയുമെന്നും പൊതുയോഗത്തില്‍ വിജയ് പറഞ്ഞു.
പൊതുയോഗത്തില്‍ കാഞ്ചീപുരത്തെ 32 ഗ്രാമങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്തു. സ്റ്റാലിനെതിരേയും ഡിഎംകെയ്‌ക്കെതിരെയും ആഞ്ഞടിച്ചായിരുന്നു വിജയ് യുടെ പ്രസംഗം. സ്റ്റാലിന്റെ അഭിനയം കണ്ട് തനിക്ക് പോലും അതിശയം തോന്നിയെന്ന് വിജയ് പരിഹസിച്ചു.
ജനങ്ങള്‍ക്കായി നിയമപരമായി പ്രവര്‍ത്തിക്കണം. എല്ലാവര്‍ക്കും ഒരുപോലെ നല്ലത് ചെയ്യണം. ജനങ്ങളിലേക്ക് ഇറങ്ങണം എന്ന ആപ്തവാക്യം മറന്നതാരെന്നും സ്റ്റാലിനെ പരോക്ഷമായി പറഞ്ഞു കൊണ്ട് വിജയ് ചോദിച്ചു.
സാമൂഹിക നീതി നടപ്പാക്കാന്‍ ജാതി സംവരണം വേണം. കൊള്ളയാണ് ഡിഎംകെയുടെ യോഗ്യത. സ്റ്റാലിന്റെ അഭിനയം കണ്ട് തനിക്ക് തന്നെ അതിശയം തോന്നുന്നു. അടിക്കാന്‍ തുടങ്ങും മുന്നേ കരയുന്നത് എന്തിനെന്നും വിജയ്യുടെ പരിഹാസം.
കാഞ്ചീപുരത്തെ ജനങ്ങളുടെ പ്രശ്‌നം നേരിട്ട് കേള്‍ക്കാനാണ് എത്തിയത്. ജനങ്ങളുടെ ആവശ്യങ്ങളും കരച്ചിലും പാഴാകില്ല. തന്റേത് വെറും വാക്കല്ല. വിജയ് ഒന്നും ചുമ്മാ പറയില്ല. പറയുന്നത് ചെയ്യാതിരിക്കില്ല. കാഞ്ചീപുരത്തെ മണല്‍ കൊള്ളയ്‌ക്കെതിരേയും വിജയ് സംസാരിച്ചു.
മണല്‍ കൊള്ളയുടെ തെളിവുകള്‍ പുറത്തു കൊണ്ടുവരും. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സിന്‍ഡിക്കേറ്റ് കൊള്ളയാണ് നടക്കുന്നത്. കാഞ്ചീപുരം പട്ടിന് വിലയുണ്ടായിട്ടും തൊഴിലാളികളുടെ കൂലി തുച്ഛമാണ്. കൂലി കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിക്കുന്നില്ല. ഒരു ബസ് സ്റ്റാന്‍ഡ് പോലും പുതുതായി നിര്‍മിക്കാന്‍ കഴിയില്ലേയെന്നും കാഞ്ചീപുരത്തെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി വിജയ് ചോദിച്ചു. ജനങ്ങളെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിന് സമയമില്ല.
ജനങ്ങള്‍ ടിവികെയെ അധികാരത്തിലേറ്റുമെന്നും വിജയ് പറഞ്ഞു. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വാഹനം, ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും ബിരുദ വിദ്യാഭ്യാസം ഉറപ്പാക്കും. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും വരുമാനം ഉറപ്പാക്കും. അധികാരത്തിലെത്തിയാല്‍ വ്യവസായ മേഖലയില്‍ പരമാവധി വികസനം നടപ്പാക്കും. നിയമങ്ങള്‍ ശക്തിപ്പെടുത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും വിജയ് വാഗ്ദാനം ചെയ്തു.
ജനങ്ങളെ പറ്റിക്കുന്ന രീതി ടിവികെയുടേതല്ല. രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ വേണ്ടി മാത്രമാണെന്ന് പറഞ്ഞ വിജയ് എംജിആറിന്റെ രാഷ്ട്രീയ വളര്‍ച്ചയും പ്രസംഗത്തില്‍ വിജയ് ഓര്‍മിപ്പിച്ചു. വിജയിയെ തൊട്ടത് എന്തിനെന്ന് ഓര്‍ത്ത് ഓര്‍ത്ത് വിഷമിക്കണം. വിജയ്‌ക്കൊപ്പമുള്ള ജനങ്ങളെ തൊട്ടത് ഓര്‍ത്ത് ആശങ്കപ്പെടും. ഇത് ജനങ്ങള്‍ ജനങ്ങള്‍ക്കായി നടത്തിയ പോരാട്ടം. എല്ലാം ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിനെ അങ്കിള്‍ എന്ന് സംബോധന ചെയ്തായിരുന്നു വിജയ് യുടെ പ്രസംഗം.