
തമിഴ്നാട് ശിവഗംഗ കസ്റ്റഡി മരണത്തിൽ പ്രതിഷേധവുമായി തമിഴക വെട്രി കഴകം. പൊലീസ് കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിന് നീതി ആവശ്യപ്പെട്ടാണ് വിജയ്‌യുടെ നേതൃത്വത്തിൽ തമിഴക വെട്രി കഴകം ചെന്നൈയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം. രാഷ്ട്രീയ പാർട്ടി ആരംഭിച്ചതിന് ശേഷമുള്ള വിജയ്‌യുടെ ആദ്യ പൊതു പ്രക്ഷോഭമാണിത്.
പ്രതിഷേധത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിജയ് ആഞ്ഞടിച്ചു. സർക്കാരിൻ്റെ അനാസ്ഥയുടെ ഇരയാണ് അജിത് കുമാറെന്ന് നടൻ പറഞ്ഞു. സംസ്ഥാനത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച ഇരകളുടെ കുടുംബത്തോട് സ്റ്റാലിൻ മാപ്പ് പറഞ്ഞോ എന്നും വിജയ് ചോദിച്ചു. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന അജിത് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ പ്രതിഷേധവുമായി എത്തുന്നത്. കേസ് തമിഴ്‌നാട്ടിൽ വൻ വിവാദമായതിന് പിന്നാലെ കഴിഞ്ഞദിവസമാണ് കേസ് ലോക്കൽ പോലീസിൽ നിന്ന് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. കൊലപാതകം കൈകാര്യം ചെയ്യുന്ന 2023 ലെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 പ്രകാരമാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചവരുടെ കുടുംബത്തെ കഴിഞ്ഞദിവസം വിജയ് സന്ദർശിച്ചിരുന്നു. നിയമം വഴി ലഭിക്കേണ്ട നീതി ഇരകൾക്ക് ഉറപ്പാക്കുമെന്ന് സന്ദർശന ശേഷം ടിവികെയുടെ സോഷ്യൽ മീഡിയയിലൂടെ വിജയ് പറഞ്ഞിരുന്നു. ഇരകൾക്ക് സാമ്പത്തിക സഹായം എത്തിക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ കസ്റ്റഡിയിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചു. ഇരകൾക്ക് നീതി ലഭിക്കുന്നതിനായി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനായുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. നീതി ഉറപ്പാക്കാൻ അധികൃതരെ സമീപിക്കുമെന്നും വിജയ് ഉറപ്പ് നൽകി.