കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചന്ദ്രനാഥ് രഥാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പാര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലാണ് സംഭവം. തന്റെ ബ്ലാക്ക് സ്‌കോര്‍പ്പിയോയില്‍ ഇരിക്കുകയായിരുന്ന ചന്ദ്രനാഥിന് നേരെ മോട്ടോര്‍സൈക്കിളില്‍ എത്തിയ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം.
ചന്ദ്രനാഥിനൊപ്പം മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ ചന്ദ്രനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവം സംസ്ഥാനത്തെ ക്രമസമാധാന നിലയേക്കുറിച്ച് വ്യാപക ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ക്ലോസ് റേഞ്ചിലാണ് ചന്ഗ്രനാഥിന് വെടിയേറ്റത്. ദീർഘകാലമായി ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്നു ചന്ദ്ര നാഥ്.
പശ്ചിമ ബംഗാളിൽ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ആരംഭിച്ച വ്യാപക അക്രമ സംഭവങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ല. നിലവില്‍ ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രമുഖ നേതാവാണ് സുവേന്ദു അധികാരി. തെരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരിക്കെതിരെ മത്സരിച്ച തൃണമൂല്‍ കോൺഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി പരാജയപ്പെട്ടിരുന്നു.