

കേരളത്തിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബംഗാളും. 2011 മുതല്‍ സംസ്ഥാനഭരണം തുടര്‍ച്ചയായി കൈവശം വെച്ചനുഭവിക്കുന്ന മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഇത്തവണ നേരിടേണ്ടത് പ്രധാന പ്രതിപക്ഷമായ ബിജെപിയെ മാത്രമല്ല, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കൂടിയാണ്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ കോളിളക്കം സൃഷ്ടിച്ച തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഇപ്പോള്‍ ബംഗാളിലും നടപ്പാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനങ്ങള്‍ക്ക് പുറമേ കേന്ദ്ര ഭരണ പ്രദേശങ്ങളിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നു. ബിഹാറിലേതിന് സമാനമായി വന്‍ തോതില്‍ ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടി പുറത്താക്കുകയാണ് ബംഗാളിലും. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബംഗാളില്‍ അറുപത് ലക്ഷത്തോളം പേരുടെ വോട്ടുകള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും അറുപത് ലക്ഷത്തിലധികം വോട്ടര്‍മാരുടെ കാര്യത്തില്‍ തീര്‍പ്പെത്തിയിരുന്നില്ല. മാര്‍ച്ച് 3ന് വീണ്ടും ആദ്യഘട്ട സപ്ലിമെന്ററി പട്ടിക പുറത്തിറക്കിയെങ്കിലും അനിശ്ചിതത്വത്തിലായ അറുപത് ലക്ഷത്തോളം വോട്ടര്‍മാരില്‍ 32 ലക്ഷത്തോളം വോട്ടര്‍മാരുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. അതില്‍ തന്നെ ഏകദേശം നാല്‍പത് ശതമാനത്തോളം വോട്ടര്‍മാര്‍, അതായത് 13 ലക്ഷത്തോളം പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടു. 28 ലക്ഷത്തോളം വോട്ടര്‍മാരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടുമില്ല. ഏപ്രില്‍ 23നും 29നും ആണ് തെരഞ്ഞെടുപ്പ് എന്നിരിക്കെ ഈ അനിശ്ചിതത്വം ബംഗാളിനെ അതീവ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലാണ് കൂടുതല്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശം കൂടിയാണിത്. 2002ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവര്‍ പോലും അന്തിമ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. സംശയത്തിന്റെ പേരില്‍ മാത്രം പുറത്താക്കപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ യു എ (Under Adjudication) വോട്ടര്‍മാര്‍ ഉള്ള ജില്ലകളും ഇതാണ്. മാള്‍ഡ ജില്ലയിലെ സുജാപൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വോട്ടേഴ്‌സ് ലിസ്റ്റിലുണ്ടോ ഇല്ലയോ എന്നുപോലും അറിയാതെ പുറത്തു നില്‍ക്കുന്നത്. സുജാപൂര്‍ മണ്ഡലത്തില്‍ മാത്രം ഇത്തരത്തില്‍ 134,521 പേരെയാണ് യു എ കാറ്റഗറിയില്‍ ഉള്‍പെടുത്തി പുറത്ത് നിര്‍ത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ ആകെയുള്ള വോട്ടര്‍മാരുടെ 52 ശതമാനത്തോളം പേരും സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞ് സംശയിക്കപ്പെടുന്നവരുടെ ഗണത്തില്‍ പുറത്തു നില്‍ക്കുകയാണ്. മണ്ഡലത്തില്‍ ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താന്‍ പറ്റാത്തവരുടെ എണ്ണം 1482 മാത്രമേയുള്ളൂ. യുഎ ലിസ്റ്റിലുള്ളവരുടെ വോട്ടുകളുടെ കാര്യത്തില്‍ ഇപ്പോഴും പുനപരിശോധന നടക്കുന്നുണ്ടെങ്കിലും സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ ഏതാണ്ട് 17000ത്തോളം പേര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. 2021ല്‍ 130,163 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണിത്. സുജാപുര്‍ നിയമസഭാ മണ്ഡലത്തിലെ സിലാംപുര്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം 522 വോട്ടര്‍മാരില്‍ 427 പേരും വോട്ടര്‍പട്ടികയ്ക്ക് പുറത്താണ്.
ഏറെക്കാലമായി ഈ ഗ്രാമത്തില്‍ ജീവിക്കുന്ന, ഇവിടെ ജനിച്ചു വളര്‍ന്ന മനുഷ്യരാണ് ഈ പുറത്താക്കപ്പെട്ടവരില്‍ ഏറെയും. നൂറിലധികം വര്‍ഷങ്ങളായി ഗ്രാമത്തില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പോലും പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. ചോദിച്ച രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും വ്യാപകമായ പുറത്താക്കലാണ് നടക്കുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. വര്‍ഷങ്ങളായി സുജാപൂരില്‍ താമസിക്കുന്ന കുടുംബത്തിലെ അംഗം മിര്‍ അലി മഹല്‍ദര്‍ ഈ പുറത്താക്കലിന്റെ ഇരയാണ്. 2002ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിട്ടും, ചോദിച്ച രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടി എന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ സുജാപുര്‍ മണ്ഡലത്തില്‍ മാത്രം ആകെയുണ്ടായിരുന്ന 2.5 ലക്ഷം വോട്ടര്‍മാരില്‍ 1.3 ലക്ഷം പേര്‍ ഇപ്പോള്‍ വോട്ടര്‍ ലിസ്റ്റില്‍ പേരുണ്ടോ ഇല്ലയോ എന്ന് തിരിയാതെ കാത്തിരിക്കുന്നത്.
മുര്‍ഷിദാബാദിലെ രഘുനാഥ്ഗഞ്ച് മണ്ഡലത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. രഘുനാഥ്ഗഞ്ചില്‍ 115,087 വോട്ടര്‍മാരെയാണ് യുഎ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ 98,913 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണിത്. യുഎ ലിസ്റ്റിലുള്ളവരുടെ പുനപരിശോധനയില്‍ ഏകദേശം 22 ശതമാനത്തോളം പേരും പുറത്താക്കപ്പെട്ട മണ്ഡലം കൂടിയാണ് രഘുനാഥ്ഗഞ്ച് എന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ട സംഗതിയാണ്. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചില ബൂത്തുകളില്‍ നടക്കുന്ന പുനപരിശോധനയില്‍ നൂറു ശതമാനം പേരെയും ലിസ്റ്റില്‍ നിന്ന് പുറംതള്ളുന്ന സ്ഥിതി പോലും ഉണ്ടായിട്ടുണ്ട്. ഹൂഗ്ലി ജില്ലയിലെ ഖനാകുള്‍ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 208ല്‍ ആകെയുള്ള 254 വോട്ടര്‍മാരില്‍ 194 പേരെയാണ് ലിസ്റ്റില്‍ നിന്ന് പുറത്താക്കിയത്. ബോറോ ഗോബ്ര ഗ്രാമത്തിലെ ബൂത്ത് നമ്പര്‍ അഞ്ചില്‍ ബില്‍ഒ അടക്കം താമസക്കാരായ 340 മുസ്ലിം വോട്ടര്‍മാരെയും വെട്ടി. ഇങ്ങനെ നിരവധി മനുഷ്യരാണ് പശ്ചിമബംഗാളില്‍ വോട്ടര്‍പട്ടികയില്‍ നിന്നും ദിനംപ്രതി പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഭൂരിഭാഗം മണ്ഡലങ്ങളിലും പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നത് എന്നുതും പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. മാലതിപൂരില്‍ പുറത്താക്കപ്പെട്ടവരില്‍ 67.4 ശതമാനവും സ്ത്രീകളാണ്. രഘുനാഥ്ഗഞ്ചില്‍ പുറത്തായവരുടെ 29.7 ശതമാനവും സുജാപൂരില്‍ പുറത്തായവരുടെ 21 ശതമാനവും സ്ത്രീകളാണ്.ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതു കൊണ്ട് മാര്‍ച്ച് അവസാനത്തോടെ യുഎ ലിസ്റ്റില്‍ പെട്ട് അനിശ്ചിതത്വത്തിലായ വോട്ടര്‍മാരുടെ കാര്യത്തില്‍ അന്തിമതീരുമാനം വരേണ്ടതാണ്. എന്നാല്‍ യുഎ ലിസ്റ്റിലുള്ള അറുപത് ലക്ഷത്തോളം വോട്ടര്‍മാരില്‍ പകുതിയിലേറെ പേരുടെയും കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ പ്രക്രിയ എങ്ങനെ കുറ്റമറ്റരീതിയില്‍ ചെയ്തു തീര്‍ക്കും എന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്.
മൊസ്തരി ബാനുവിന്റെയും മമതയുടെയും പോരാട്ടങ്ങള്‍
ബംഗാളിലെ എസ് ഐ ആറുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരായത് ദേശീയ ശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തയായിരുന്നു. രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഒരു മുഖ്യമന്ത്രി വക്കീല്‍ വേഷമണിഞ്ഞ് സുപ്രീംകോടതിയിലെത്തിയത്. പക്ഷേ മമത പോരാട്ടം തുടങ്ങുന്നതിന് മുന്‍പ് മുര്‍ഷിദാബാദിലെ ഭഗവാന്‍ഗോളയില്‍ 44കാരി മൊസ്തരി ബാനുവും സുപ്രീംകോടതിയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്നു.
ബംഗാള്‍ സിപിഎമ്മിന്റെ പിന്തുണയോടെയാണ് മൊസ്തരി ബാനു സുപ്രീം കോടതിയില്‍ ഐതിഹാസികമായ പോരാട്ടം നടത്തിയത്. മൊസ്തരി ബാനു vs ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കേസിലാണ് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് സ്‌കൂള്‍ രേഖകള്‍ സമര്‍പ്പിക്കാമെന്നതടക്കമുള്ള നിര്‍ണായകമായ കോടതി വിധികള്‍ മൊസ്തരി ബാനു സമ്പാദിച്ചത്. വോട്ടര്‍ ഐഡിയില്‍ തെറ്റുണ്ടെന്നു കാണിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുര്‍ഷിദാബാദിലും മാള്‍ഡയിലുമടക്കം ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചതോടെയാണ് മൊസ്തരി ബാനു പോരാട്ടത്തിനിറങ്ങിയത്.
കേവലം സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കാനുള്ള ശ്രമത്തിന് തടയിടുകയായിരുന്നു മൊസ്തരിയുടെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മൊസ്തരി ബാനുവിനെയും കമ്മീഷന്‍ പട്ടികയില്‍ നിന്ന് പുറത്താക്കി. പിന്നീട് കോടതി ഇടപെടലിലൂടെ ഫെബ്രുവരി 28നാണ് അവര്‍ക്ക് വോട്ടവകാശം തിരികെ ലഭിച്ചത്.
ലാന്‍ഡ് ബൗണ്ടറി എഗ്രിമെന്റിലും സംശയം ?
2015ലാണ് ഇന്ത്യയും ബംഗ്ലാദേശും ലാന്‍ഡ് ബൗണ്ടറി എഗ്രിമെന്റില്‍ ഒപ്പ് വെക്കുന്നത്. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു കരാറായിരുന്നു അത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളുടെ കൈമാറ്റമായിരുന്നു അത്. ബംഗ്ലാദേശില്‍ 111 എന്‍ക്ലേവുകള്‍ ഇന്ത്യക്കും ഇന്ത്യയില്‍ 51 എന്‍ക്ലേവുകള്‍ ബംഗ്ലാദേശിനും ഉണ്ടായിരുന്നു. എന്‍ക്ലേവുകള്‍ പരസ്പരം കൈമാറുന്നതിനൊപ്പം ഈ പ്രദേശത്ത് താമസിച്ചിരുന്നവര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട രാജ്യത്തെ പൗരത്വം സ്വീകരിക്കാനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.
അങ്ങനെ അന്ന് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചവര്‍ ബംഗാളിലെ പല സെറ്റില്‍മെന്റുകളിലായി ഇന്നും കഴിയുന്നുണ്ട്. ബംഗ്ലാദേശിലെ ദിയസര്‍ചാര എന്ന എന്‍ക്ലേവില്‍ താമസിച്ചിരുന്ന മന്മോഹന്‍ ബര്‍മാനും മുഹമ്മദ് മുജാമല്‍ ഖണ്ഡാകറും അന്ന് സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചവരാണ്. മന്മോഹന്‍ ബര്‍മാന്‍ പശ്ചിമബംഗാളിലെ രാജ്ബെന്‍ഷി എന്ന എസ് സി വിഭാഗത്തിലെയും മുഹമ്മദ് മുജമ്മല്‍ ഖണ്ഡാകര്‍ മുസ്ലിം വിഭാഗത്തിലെയും പ്രതിനിധിയാണ്.
ഇവരെ കൂടാതെ ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ 989 പേരാണ് അന്ന് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് ഇന്ത്യയിലേക്ക് താമസം മാറിയത്. കൂച്ച് ബിഹാര്‍ ജില്ലയിലെ ദിന്‍ഹത നിയമസഭാ മണ്ഡലത്തിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മന്മോഹന്‍ ബര്‍മാനും മുഹമ്മദ് ഖണ്ഡാകറും അടക്കം കുടുംബത്തിലെ മിക്കവരുടെയും വോട്ട് അനിശ്ചിതത്വത്തിലാണ്.
2002ലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്താന്‍ വേണ്ട രേഖകളില്ലാത്തതാണ് പുറത്താക്കാന്‍ കാരണമായി കമ്മീഷന്‍ പറയുന്നത്. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് 2015ല്‍ ഇന്ത്യയിലേക്ക് വന്ന മനുഷ്യരാണവര്‍, അവരെ അന്ന് പൗരത്വവും സെറ്റില്‍മെന്റും നല്‍കി സ്വീകരിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണോ വേണ്ടെയോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.
വോട്ട് ചെയ്യാന്‍ പോലും അനുവദിക്കില്ലെങ്കില്‍ പിന്നെ ഞങ്ങളെ എന്തിനാണ് ഇന്ത്യന്‍ പൗരന്മാരാക്കി ഇങ്ങോട്ട് കൊണ്ടു വന്നത് എന്നാണ് ഇവരുടെ ചോദ്യം. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെത്തിയ ഇവരെ കേവലം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വോട്ട് വെട്ടി പുറത്താക്കുന്നത് ഏത് നിയമം കൊണ്ട് ന്യായീകരിക്കാന്‍ കഴിയും?
ഇവിടുത്തെ പൗരത്വം തന്ന് ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നവര്‍ തന്നെ ഞങ്ങള്‍ക്കിപ്പോള്‍ വോട്ടവകാശം ഇല്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഗ്രാമവാസികള്‍ ചോദിക്കുന്നു. ഇങ്ങനെ മുന്‍പ് ബംഗ്ലാദേശ് എന്‍ക്ലേവുകളില്‍ താമസിച്ചിരുന്നവരും ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് സെറ്റില്‍മെന്റ് ക്യാമ്പുകളില്‍ കഴിയുന്നവരും പുറത്താക്കപ്പെട്ടിട്ടുണ്ട്.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന എസ് സി വിഭാഗത്തില്‍പെട്ടവരും മുസ്ലിങ്ങളുമാണ് പുറത്താക്കപ്പെട്ടവരില്‍ ഏറെയും. മുര്‍ഷിദാബാദിലെ മൊസ്തരി ബാനു സുപ്രീംകോടതിയെ സമീപിച്ചത് പിതാവിന്റെയും മൊസ്തരി ബാനുവിന്റെയും രേഖകള്‍ തമ്മിലെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചപ്പോഴായിരുന്നു. മന്മോഹര്‍ ബര്‍മാനും മുഹമ്മദ് ഖണ്ഡാകറുമടക്കം 2015ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച മനുഷ്യര്‍ 2002ലെ പട്ടികയിലില്ല എന്ന വിടുവായത്തം പറഞ്ഞാണ് അവരെ പുറത്താക്കിയിരിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരെയും മുസ്ലിങ്ങളെയും തിരഞ്ഞ് പിടിച്ച് വോട്ട് വോട്ട് വെട്ടുകയാണ് കമ്മീഷന്‍. അതെ, ആദ്യം സൂചിപ്പിച്ചതു പോലെ ബംഗാളില്‍ ഇത്തവണ മത്സരം ജനാധിപത്യവും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലാണ്.