കയ്യടി നേടാൻ സ്ത്രീ വിരുദ്ധത വേണോ?

സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണീത് മോറെ നടത്തിയ ഒരു ലൈവ് ഷോയ്ക്കിടയിൽ കാണികളിലൊരാൾ നടത്തിയ പരാമർശമാണ് വിവാദങ്ങളുടെ തുടക്കം
കയ്യടി നേടാൻ സ്ത്രീ വിരുദ്ധത വേണോ?
Published on
Updated on

ആദ്യം തന്നെ പറയട്ടെ... ബിരിയാണി എന്നത് ഭക്ഷണമാണ് കൺസൻ്റ് അല്ല... പറഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ വാ​ദപ്രതിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്ന 370 രൂപയുടെ ബിരിയാണി പരാമർശത്തെപ്പറ്റിയാണ്. സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണീത് മോറെ നടത്തിയ ഒരു ലൈവ് ഷോയ്ക്കിടയിൽ കാണികളിലൊരാൾ നടത്തിയ പരാമർശമാണ് വിവാദങ്ങളുടെ തുടക്കം. ഹിമാൻഷു ജാൻഗ്ര എന്ന 22 കാരനാണ് തനിക്കുണ്ടായ ഒരു ഡേറ്റിംഗ് അനുഭവം പങ്കുവച്ചത്.

ഒരു പെൺകുട്ടിയുമായി ഡേറ്റിങ്ങിന് പോയതും 370 രൂപ കൊടുത്ത് ചിക്കൻ ബിരിയാണി വാങ്ങി നൽകിയതും ഭക്ഷണം കഴിഞ്ഞ് പെൺകുട്ടി തന്നെ വീട്ടിൽ കൊണ്ടുവിടാൻ ആവശ്യപ്പെട്ടപ്പോൾ താൻ പണം മുടക്കിയതാണ് അത് മുതലാക്കണമെന്നുമൊക്കെയായിരുന്നു ഇയാളുടെ പരാമർശം. അതായത് പൈസ ചെലവാക്കിയ സ്ഥിതിക്ക് അതിന് പകരമായി Physical Intimacy പ്രതീക്ഷിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് തരത്തിൽ. ഇതുകേട്ട് സദസിലുള്ളവരും കൊമേഡിയനായ പ്രണീതും പൊട്ടിച്ചിരിച്ചു. മാത്രമല്ല 'പീക്ക് ഗുഡ്ഗാവ് കണ്ടൻ്റ്' എന്ന് വിളിച്ച് പ്രോത്സാഹിപ്പിക്കുകയും യുവാവിന് പ്രണീത് 5000 രൂപ സമ്മാനവും നൽകി!

കയ്യടി നേടാൻ സ്ത്രീ വിരുദ്ധത വേണോ?
മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം! ഇന്ത്യയെ ഞെട്ടിച്ച 'പാറ്റ' വിപ്ലവം

പിന്നീട് വലിയ രീതിയിലുള്ള വിമർശനങ്ങളും സംവാദങ്ങളും ഉയർന്നതോടെ പരാമർശം നടത്തിയ യുവാവിനെ ജോലിയിൽ നിന്നും പുറത്താക്കി. സ്ത്രീവിരുദ്ധ പരാമർശങ്ങൾ തെറ്റായിപോയെന്ന് കാട്ടി ഹിമാൻഷുവും കോമേഡിയൻ പ്രണീതും ഇൻസ്റ്റഗ്രാമിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു. വൻതോതിൽ ഉയർന്ന ജനരോഷത്തിന് പിന്നാലെ പ്രണീതിന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപേക്ഷിക്കേണ്ടതായി പോലും വന്നു. സംഭവം വളരെ വിചിത്രമാണെന്നോ ഒറ്റപ്പെട്ടതാണെന്നോ ആരും കരുതുന്നുണ്ടാകില്ല. കാരണം ഇതാദ്യമയല്ല സമൂഹത്തിലെ ഉത്തരവാദിത്ത പെട്ടവരിൽ നിന്നും അല്ലെങ്കിൽ മറ്റാരിൽ നിന്നും ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടാകുന്നത്. നേരത്തെയും പലരും പല വട്ടം, പല തരത്തിൽ ഒളിഞ്ഞും തെളിഞ്ഞും ഇത്തരം പരാമർശങ്ങൾ പലരും നടത്തിയിട്ടുണ്ട്. അന്നെല്ലാം വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ വിചിത്രമെന്നോ ഒറ്റപ്പെട്ടതെന്നോ നാക്കുപിഴയെന്നോ പറഞ്ഞ് തള്ളാൻ കഴിയുകയുമില്ല.

താൻ സ്ത്രീ വിരുദ്ധനല്ലെന്നും പരാമർശം ചോദ്യം ചെയ്യാതെ പോയത് വലിയ തെറ്റാണെന്നും കാട്ടി മാപ്പ് പറയുന്നത് കൊണ്ട് മാത്രം കാര്യങ്ങൾ തീർന്നോ? ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് പൂട്ടി രക്ഷപ്പെട്ടാൽ കാര്യം കഴിഞ്ഞോ? അത്തരം കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കാനോ നോർമലൈസ് ചെയ്യാനോ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വിഡിയോ നീക്കം ചെയ്തത് കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിച്ചോ? ഒരു കൂട്ടം ആളുകളെ ഇൻഫ്ലുവെൻസ് ചെയ്യാൻ കഴിയുന്ന വ്യക്തി ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ വന്ന് ഇത്തരം കാര്യങ്ങൾ പറയുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് സമൂഹത്തിന് മോശം സന്ദേശം നൽകുമെന്നത് ഈ കാലഘട്ടത്തിലും പറഞ്ഞ് മനസിലാക്കേണ്ടിവരുന്നത് സമൂഹത്തിന്റ ​ഗതികോട് തന്നെയാണ്.

കയ്യടി നേടാൻ സ്ത്രീ വിരുദ്ധത വേണോ?
ടിഎംസിയുടെ തലവേദന... മമതയുടെ പുതിയ എതിരാളി! ആരാണ് ഋതബ്രത ബാനർജി?

ഭക്ഷണമോ മറ്റെന്തെങ്കിലുമാകട്ടെ.. 370 രൂപയോ 37,000 രൂപയോ അല്ലെങ്കിൽ അതിൽ കൂടുതലോ ആയാലും സ്ത്രികളുടെ ആത്മാഭിമാനത്തിന്റെയും കൺസൻ്റിന്റെയും വിലയിടുന്നതിലേ വിവരക്കേട് ഇക്കൂട്ടരെ ഇനിയുമെങ്ങനെ പറഞ്ഞ് ബോധ്യപ്പെടുത്താനാകും. പ്രശ്നം 370 രൂപയുടേതല്ല എന്ന് ഇവരെ ഇനിയും എങ്ങനെ പറ‍ഞ്ഞ് മനസിലാക്കാനാകും. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ സമൂഹത്തിൽ എത്രത്തോളം സാധാരണവൽക്കരിക്കപ്പെടുന്നു എന്നതിനുദാഹരണമാണ് ഈ വിഡിയോ.

സ്ത്രീ വിരുദ്ധ പരാമർശങ്ങൾ സമൂഹത്തിൽ ലിംഗവിവേചനവും അസമത്വവും വർധിപ്പിക്കുന്നതിന് കാരണമാക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കേണ്ടതും ഒരു പബ്ലിക്പ്ലാറ്റ് ഫോമിൽ ഇരുന്ന് അത്തരം കാര്യങ്ങൾ പറയുമ്പോൾ അത് സമൂഹത്തിന് മോശം സന്ദേശം നൽകുമെന്ന് തിരിച്ചറിയേണ്ടതും വളരെ പ്രധാനമാണ്. ഏതൊരു കലാരൂപത്തിനും കലാകരനും സാധാരണ മനുഷ്യർക്കും സമൂഹത്തോട് ഒരു ബാദ്ധ്യതയുണ്ട്. അത് തങ്ങളുടെ കർമ മേഖലയിൽ പ്രാവർത്തികമാകേണ്ടത് ഒരു വ്യക്തിയെന്ന നിലയിൽ അവരുടെ ഉത്തരവാദിത്തവുമാണ്. അത് ചെയ്യാത്തിടത്തോളം കാലം സമൂഹം ഇങ്ങനെ തിരുത്തിക്കോണ്ടെയിരുക്കും...

News Malayalam 24x7
newsmalayalam.com