

ഡൽഹി: ഡൽഹി കലാപ ഗൂഢാലോചനാ കേസിൽ ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി ഇന്ന് ചില നിർണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്നാണ് സുപ്രീം കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ വ്യക്തമാക്കിയത്.
കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടത് വിചാരണ കോടതിയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എല്ലാ പ്രതികളെയും തുല്യമായി പരിഗണിക്കാൻ കഴിയില്ലെന്നും ഓരോ അപേക്ഷയും അതിൻ്റേതായ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
യുഎപിഎ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അഞ്ച് വർഷത്തിലേറെയായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് കഴിഞ്ഞ 16 മുതൽ 29 വരെ ഡൽഹി വിചാരണ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു എന്നിവരും പ്രതികൾക്കായി കപിൽ സിബൽ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവരുമാണ് കോടതിയിൽ ഹാജരായത്.
ഉമർ ഖാലിദിനെ കൂടാതെ ഷർജീൽ ഇമാമിനും ജാമ്യം ലഭിച്ചിട്ടില്ല. അതേസമയം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നീ അഞ്ച് പേർക്ക് സുപ്രീം കോടതി ജാമ്യം നൽകി. കർശന ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. 2020 ഫെബ്രുവരിയിൽ കലാപം നടന്നപ്പോൾ ഉമർ ഖാലിദ് ഡൽഹിയിൽ ഉണ്ടായിരുന്നില്ല എന്നാണ് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ വാദിച്ചത്.