യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശ വാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ അമേരിക്കയുടെ ഇടപെടലിലൂടെയാണെന്ന ട്രംപിന്റെ വാദങ്ങളിലെ മോദിയുടെ മൗനത്തെയാണ് ജയറാം രമേശ് വിമർശിച്ചത്. 'പ്രിയ സുഹൃത്ത് ഡൊണാൾഡ് ട്രംപ്', ഇന്ത്യ-പാക് വെടിനിർത്തലിൽ യുഎസ് ഇടപെടൽ ഉണ്ടായതായി നിരവധി തവണ അവകാശപ്പെട്ടിട്ടും മോദി മൗനം തുടരുകയാണെന്നാണ് ജയറാം രമേശിന്റെ പ്രസ്താവന.
മൂന്ന് രാജ്യങ്ങളിലായി, മൂന്ന് നഗരങ്ങളിൽ 21 ദിവസത്തിനുള്ളിൽ 11 തവണയാണ് ഇന്ത്യ-പാക് വെടിനിർത്തലിൽ യുഎസ് ഇടപെടൽ ഉണ്ടായതായി ട്രംപ് പറഞ്ഞതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഇന്ത്യയേയും പാകിസ്ഥാനെയും യുദ്ധത്തിലേക്ക് നയിക്കാതെ തടഞ്ഞത് അമേരിക്കയാണെന്ന വാദവും ട്രംപ് ഉയർത്തിയിരുന്നു. "ഇന്ത്യയുമായും പാകിസ്ഥാനുമായും ഞങ്ങൾ ഇടപെടുന്നു എന്നതാണ് എനിക്ക് ഏറ്റവും അഭിമാനകരമായ കരാർ. വെടിയുണ്ടകളിലൂടെയല്ല, വ്യാപാരത്തിലൂടെ ഒരു ആണവയുദ്ധം തടയാൻ ഞങ്ങൾക്ക് കഴിഞ്ഞു,"-ഇതായിരുന്നു ട്രംപിൻ്റെ പ്രസ്താവന.
മെയ് 23ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ട്രംപിന്റെ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് ഇതേ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ജയറാം രമേശ് ആരോപിച്ചു. ഇതോടെ ഇതുവരെ പ്രസ്താവനകളില്‍ മാത്രമായി ഒതുങ്ങി നിന്ന അവകാശവാദങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവന്നിരിക്കുകയാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ സാധ്യമായത് പ്രസിഡന്റ് ഇടപെട്ട് ഇരുരാജ്യങ്ങള്‍ക്കും യുഎസുമായി വ്യാപാരബന്ധത്തിന് അനുമതി നല്‍കിയതുകൊണ്ട് മാത്രമാണെന്നാണ് ഹൊവാര്‍ഡ് ലുട്‌നിക് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. അതുവഴി ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാകുമായിരുന്ന യുദ്ധം ഒഴിവാക്കാനായെന്നും സത്യവാങ്മൂലത്തിൽ വാദമുണ്ട്.
ട്രംപിൻ്റെ വാദങ്ങളിലെ മോദിയുടെ മൗനത്തിൽ ജയറാം രമേശ് വിമർശനം ഉന്നയിക്കുന്നത് ഇതാദ്യമായല്ല. ട്രംപിൻ്റെ താരിഫ് വർധനവിനെക്കുറിച്ചുള്ള മോദിയുടെ മൗനത്തിലായിരുന്നു ജയറാം രമേശിൻ്റെ വിമർശനം. നമ്മുടെ പ്രധാനമന്ത്രി താരിഫുകളെക്കുറിച്ച് കേൾക്കാൻ ആഗ്രഹിക്കുന്നില്ല, നമ്മുടെ പ്രധാനമന്ത്രി 'തരീഫ്' (പ്രശംസ) മാത്രമേ കേൾക്കാൻ ആഗ്രഹിക്കുന്നുള്ളൂ. അതിനാൽ, പ്രധാനമന്ത്രി ഇതിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്നായിരുന്നു ജയറാം രമേശ് നേരത്തെ പറഞ്ഞത്.