തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ ഏറ്റവും ശ്രദ്ധ നേടിയ മന്ത്രി, വിജയ്‌യുടെ രാഷ്ട്രീയ തന്ത്രജ്ഞൻ, വിശ്വസ്തൻ, തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് വിദഗ്ധൻ, ലോട്ടറി കിങ് സാൻ്റിയാഗോ മാർട്ടിൻ്റെ മരുമകൻ, ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്. ആരാണ് തമിഴക രാഷ്ട്രീയത്തിൽ പിടിമുറുക്കുന്ന ബിസിനസ് കുടുംബത്തിലെ കണ്ണിയായ ആധവ് അർജുന?
2014 മുതൽ ഡിഎംകെയുടെ ഇലക്ഷൻ സ്ട്രാറ്റജിസ്റ്റായി സുപ്രധാന റോളിൽ തിളങ്ങിയ ആധവ് 2021 തെരഞ്ഞെടുപ്പ് സമയത്തും ഡിഎംകെയെ സഹായിച്ചിട്ടുണ്ട്. വോയിസ് ഓഫ് കോമൺ എന്ന ആധവ് അർജുനയുടെ സ്ഥാപനം ഒരു കാലത്ത് ഡിഎംകെയുടെ ഐടി വിഭാഗത്തിൻ്റെ ബുദ്ധികേന്ദ്രം ആയിരുന്നു. സ്റ്റാലിൻ്റെ മരുമകൻ സബരീശനും ഇതിൽ പങ്കാളിത്തം ഉണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
2023ലാണ് ഔദ്യോഗികമായി ആധവ് തോൽ തിരുമാവളവൻ്റെ വിടുതലൈ ചിരുതൈഗൽ കച്ചിയിൽ ചേർന്നത്. വിസികെയിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയെങ്കിലും അഭിപ്രായഭിന്നതകളെ തുടർന്ന് അദ്ദേഹം 2024ൽ പാർട്ടി വിട്ടു. 2025ലാണ് ആധവ് തമിഴഗ വെട്രി കഴകത്തിൽ അംഗമാവുന്നത്. പിന്നാലെ ടിവികെയുടെ ഈ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച വാർ റൂമായും ചെന്നൈയിലെ വോയിസ് ഓഫ് കോമൺ മാറി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ വിജയ്‌യോട് അടുപ്പിച്ചതും ആദവ് തന്നെയായിരുന്നു.
വിജയ്‌യുടെ രാഷ്ട്രീയ തന്ത്രജ്ഞനായും തെരഞ്ഞെടുപ്പ് മാനേജ്മെന്റ് വിദഗ്ധനായും തിളങ്ങിയ ആധവ്, പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലകൾ മുതൽ സഖ്യകക്ഷികളുമായുള്ള ചർച്ചകളുടെയും ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെയും എല്ലാം മുഖ്യ സൂത്രധാരൻ കൂടിയായി മാറി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിജയ്‌യുടെ ഏറ്റവും വിശ്വസ്തനായി മാറാനും ആധവിന് കഴിഞ്ഞു. അത് തന്നെയാണ് ആദ്യ ടിവികെ സർക്കാരിലെ കേന്ദ്രബിന്ദുവായി അദ്ദേഹത്തെ മാറ്റിയതും.
വെല്ലിവാക്കം എന്ന ഡിഎംകെയുടെ ഉരുക്കുകോട്ട തകർത്താണ് ആധവ് ടിവികെ സർക്കാരിൽ പ്രധാനിയായി എത്തിയത്. രൂപീകൃതമായ ശേഷം നടന്ന 11 തെരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണയും ഡിഎംകെയ്ക്ക് ഒപ്പം നിന്ന വെല്ലിവാക്കം, ഇത്തവണ മാറി ചിന്തിച്ചതും ആധവിന്റെ പ്രതിച്ഛായ കൂട്ടി. ഡിഎംകെയുടെ കാർത്തിക് മോഹനെ 17,302 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തി അധികാരത്തിലെത്തിയ വിജയ്‌യുടെ ടിവികെ സർക്കാരിലെ ഏറ്റവും ശ്രദ്ധേയനായ ആധവ് അർജുനയുടെ അടുത്ത നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് തമിഴ് രാഷ്ട്രീയം.