മുംബൈ: മുംബൈയിൽ'ദൃശ്യം' മോഡൽ കൊലപാതകം ഭർത്താവിനെ കൊന്ന് ടൈൽസിനടിയിൽ കുഴിച്ചിട്ടു. ഭർത്താവിനെ കൊന്ന് ഭാര്യ കൊലപ്പെടുത്തുകയും പിന്നാലെ മൃതദേഹം ടൈലുകൾക്കടിയിൽ കുഴിച്ചിട്ടതായി കണ്ടെത്തി.
പൊലീസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഭർത്താവ് വിജയ് ചവാനെ (35) കഴിഞ്ഞ 15 ദിവസമായി കാണാനില്ലായിരുന്നു. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെ നളസോപാര ഈസ്റ്റിലെ ഗഡ്ഗപദ പ്രദേശത്ത് അദ്ദേഹം ഭാര്യ കോമൾ ചവാനോടൊപ്പമാണ് താമസിച്ചിരുന്നത്.
വിജയ് ചവാനെ കാണാതായതിന് പിന്നാലെ ഇവരുടെ വീട്ടിലെത്തിയ സഹോദരന്മാരാണ് സംഭവം കണ്ടെത്തിയത്. വീട്ടിലെ തറയിലെ ചില ടൈലുകൾ ബാക്കിയുള്ളവയുടെ നിറവുമായി പൊരുത്തപ്പെടുന്നില്ലെന്ന് അവർ കണ്ടു.
സംശയം തോന്നിയതിനാൽ വ്യത്യസ്ത നിറങ്ങളിലുള്ള ടൈലുകൾ നീക്കം ചെയ്‌തപ്പോൾ, അടിയിൽ ദുർഗന്ധം വമിക്കുന്ന വേസ്റ്റ് കുഴിച്ചിട്ടത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അവർ പൊലീസിൽ വിവരം അറിയിച്ചു.
തുടർന്ന് പൊലീസുകാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിജയ് ചവാനെ കൊലപ്പെടുത്തിയത് കോമൾ ആണെന്നും, അയൽക്കാരൻ മോനു എന്ന് പേരുള്ള ഒരാൾ കൊലപാതകം ചെയ്യാൻ സഹായിച്ചിരുന്നതായും പൊലീസ് പറഞ്ഞു.