

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ വൈറലാവാൻ പല രീതിയിലാണ് ആളുകൾ സാഹസം കാണിക്കുക. കഴിഞ്ഞ ദിവസം റീൽസ് ചിത്രീകരിക്കുന്നതിനായി പിസ്റ്റളെടുത്ത് നെഞ്ചത്തു വെടിവെക്കുന്നതായി അഭിനയിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി യുവാവ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെംഗളൂരുവിൽ നിന്നുള്ള കൗതുകരമായ വാർത്ത. റീൽസ് ചിത്രീകരിക്കുന്നതിനായി വൃദ്ധനായ സ്വന്തം അച്ഛനെയാണ് ഒരു യുവതി ചാക്കിൽ കെട്ടി കൊറിയർ അയച്ചത്.
ചൊവ്വാഴ്ച വൈലിക്കാവൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലായിരുന്നു സംഭവം. ഒരു വലിയ പൊതിയുമായി ഒരു സ്ത്രീ, ഭർത്താവ്, ഭാര്യാമാതാവ്, സഹോദരൻ എന്നിവർ അടങ്ങുന്ന കുടുംബത്തിലെ അഞ്ച് പേർ കൊറിയർ ഓഫീസിലെത്തുകയായിരുന്നു. അകത്ത് എന്താണെന്ന് ജീവനക്കാർ ചോദിച്ചപ്പോൾ കുടുംബം മൗനം പാലിച്ചതിനെ തുടർന്ന് ജീവനക്കാർ പൊതി തുറന്നപ്പോളാണ് ചാക്കിനുള്ളിൽ യുവതിയുടെ പിതാവിനെ കണ്ടത്. സംഭവത്തിൻ്റെ പുറത്തു വന്ന ദൃശ്യങ്ങളിൽ ചാക്കിൽ നിന്ന് പുറത്തു വന്ന മനുഷ്യൻ അസ്വസ്ഥനായും, ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതായും കാണാം.
ഉഗാദി, റംസാൻ സീസണുകളിൽ ബസ് ടിക്കറ്റുകൾ ലഭ്യമാകാതെ വരുമ്പോൾ ആളെ കൊറിയർ ചെയ്യുകയാണ് ഏക യാത്രാമാർഗമെന്ന് റീലിലൂടെ കാണിക്കുന്നതിനായാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് കുടുംബത്തിൻ്റെ ന്യായീകരണം. പോരാത്തതിന് തങ്ങൾ ഇത്രയും കഷ്ടപ്പാട് സഹിച്ചതിനാൽ പാർസൽ സ്വീകരിക്കണമെന്നും കുടുംബം കൊറിയർ ജീവനക്കാരോട് ആവശ്യപ്പെട്ടു.
പിന്നീട് കൊറിയർ ഓഫീസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയും കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഇതിന് ശേഷം പിന്നീട് തങ്ങളുടെ പ്രവൃത്തികൾ നിരുത്തരവാദപരമാണെന്ന് സമ്മതിക്കുന്ന വീഡിയോയും ഇവർ പുറത്തുവിട്ടു. ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ഉണ്ടാവരുതെന്ന കർശന മുന്നറിയിപ്പ് നൽകിയ ശേഷം കുടുംബത്തെ വിട്ടയച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.