

ബംഗളൂരു: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാമുകൻ്റെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. നിയമവിദ്യാർഥിയായ അമൃതയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി സൂര്യയെ ബംഗളുരൂവിലെ ഓൾഡ് എയർപോർട്ട് റോഡിലെ കോടിഹള്ളിയിൽ നിന്ന് പിടികൂടി.
ജൂലായ് 13ന് റോഡിലൂടെ നടന്നു വരുകയായിരുന്ന അമൃതയെ സൂര്യ കുത്തിപ്പരിക്കേൽപ്പിച്ചത്. നാട്ടുകാർ ഉടൻ തന്നെ സമീപത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ വ്യാഴാഴ്ച മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമൃതയും പ്രതി സൂര്യയുടെ സഹോദരൻ ധനുഷും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, ധനുഷ് മുൻപ് ഒരു വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ഇത് മറച്ചുവച്ചാണ് അമൃതയുമായി പ്രണയബന്ധത്തിലേർപ്പെട്ടത്.
ഇതറിഞ്ഞ അമൃത ധനുഷുമായുള്ള വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറി. ഈ വിഷയത്തിൽ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ഇതിൽ പ്രകോപിതനായ സൂര്യ അമൃതയെ കൊലപ്പെടുത്തുകയായിരുന്നു.