
ബെംഗളൂരുവില്‍ യുവതിയെ നടുറോഡില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. സമീപ പ്രദേശത്തുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യത്തില്‍ നിന്നും യുവതി ക്രൂരപീഡനത്തിനാണ് വിധേയയായതെന്ന് വ്യക്തമാകുന്നുണ്ട്. യുവതിയെ മര്‍ദിക്കുന്നതും ലൈംഗികമായി അതിക്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ബെംഗളൂരുവില്‍ ഞായറാഴ്ചയാണ് സംഭവം. സാധാനങ്ങള്‍ വാങ്ങുന്നതിനായി വൈകുന്നേരം നാല് മണിക്ക് ബെംഗളൂരുവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള മൈലാസാന്ദ്ര എന്ന സ്ഥലത്തേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പുറപ്പെടുകയായിരുന്നു യുവതി. എന്നാല്‍ ഇതിനിടെ ഒരു കൂട്ടം ആളുകള്‍ യുവതിയെ തടഞ്ഞു നിര്‍ത്തി അവരുടെ ശരീരത്തില്‍ തൊടാന്‍ ശ്രമിക്കുന്നതും സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂട്ടത്തിലൊരാള്‍ വന്ന് അവരെ അടിക്കുന്നതും കാണാം.
'ഇന്നലെ ഞാന്‍ കടയിലേക്ക് പോകുന്ന വഴിക്ക് ഒരു കൂട്ടം ആണുങ്ങള്‍ വഴിയരികില്‍ എന്തോ കാര്യം പറഞ്ഞ് അടികൂടുന്നുണ്ടായിരുന്നു. ഈ സമയം അതുവഴി പോയ എന്നെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി. അവര്‍ എന്നെ അപമര്യാദയോടെ സ്പര്‍ശിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തു,' യുവതി മാധ്യമങ്ങളോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
യുവതിയെ നിരന്തരം മര്‍ദിക്കുന്നതും യുവതി അവരെ തിരിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. നാട്ടുകാരും ചില സുഹഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ അവിടെ നിന്ന് രക്ഷപ്പെടുത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ഇവര്‍ യുവതി താമസിക്കുന്നിടത്ത് എത്തുകയും യുവതിയെ സഹായിച്ചവരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തു.