ഹരിയാന: ആർത്തവമുണ്ടെന്ന് തെളിയിക്കാൻ സ്ത്രീകളോട് സാനിറ്ററി പാഡിൻ്റെ ഫോട്ടോ അയച്ചുനൽകാൻ ആവശ്യപ്പെട്ടതായി പരാതി. റോഹ്തക്കിലുള്ള മഹർഷി ദയാനന്ദ് സർവകലാശാലയിലാണ് സംഭവം. ആർത്തവമുണ്ടെന്ന് തെളിയിക്കാനായി സാനിറ്ററി നാപ്കിനുകളുടെ ഫോട്ടോ എടുത്തു നൽകാൻ വനിതാ ശുചീകരണ തൊഴിലാളികളോട് സൂപ്പർവൈസർമാർ ആവശ്യപ്പെട്ടെന്നാണ് പരാതി.
ഒക്ടോബർ 26ന് ശുചീകരണ തൊഴിലാളികൾ ജോലിക്ക് വൈകിയെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. സൂപ്പർവൈസർമാരായ വിനോദും ജിതേന്ദ്രയും ഇവർ വൈകി എത്തിയത് ചോദ്യം ചെയ്തിരുന്നു. ആർത്തവമാണെന്നും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും ജീവനക്കാർ പറഞ്ഞപ്പോൾ, അത് കള്ളമാണെന്ന് സൂപ്പർവൈസർമാർ ആരോപിച്ചു. പിന്നാലെ ആർത്തവമാണെന്ന് തെളിയിക്കാൻ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ അവർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
തുടർന്ന് വിനോദും ജിതേന്ദ്രയും മറ്റൊരു വനിതാ ജീവനക്കാരിയോട് തങ്ങളെ ശുചിമുറിയിൽ കൊണ്ടുപോയി ആർത്തവമുണ്ടെന്ന് തെളിയിക്കാൻ സാനിറ്ററി പാഡുകളുടെ ഫോട്ടോ എടുക്കാൻ നിർദേശിച്ചതായി വനിതാ ജീവനക്കാർ പറഞ്ഞു."ഞങ്ങളിൽ രണ്ടുപേർ ഇതിന് വിസമ്മതിച്ചപ്പോൾ, ഞങ്ങളെ അധിക്ഷേപിക്കുകയും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,"സ്ത്രീകൾ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
വാർത്ത പുറത്തറിഞ്ഞതോടെ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും അവർ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സണ് നൽകിയിട്ടുണ്ട്. രണ്ട് സൂപ്പർവൈസർമാർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പിജിഐഎംഎസ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ റോഷൻ ലാലിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.