

ഡൽഹി: മരണാനന്തര ചടങ്ങുകളെക്കുറിച്ച് ചിന്തിക്കുന്നത് പലപ്പോഴും പ്രിയപ്പെട്ടവരുടെ വേർപാടിന് ശേഷം മാത്രമാണ്. എന്നാൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം അന്ത്യ കർമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനുള്ള അവസരമൊരുക്കുകയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മോക്ഷ വോയേജ് എന്ന സ്റ്റാർട്ടപ്പ്. ഗാസിയാബാദ് ഉൾപ്പടെയുള്ള ഡൽഹി എൻസിആർ മേഖലകളിലാണ് നിലവിൽ ഈ സേവനം ലഭ്യമാകുന്നത്.
വ്യക്തികളുടെ അവസാന ആഗ്രഹങ്ങൾ കൃത്യമായി രേഖപ്പെടുത്താനും വിയോഗശേഷം കുടുംബാംഗങ്ങൾക്ക് ആശയക്കുഴപ്പങ്ങളില്ലാതെ അവ നടപ്പിലാക്കാൻ സഹായിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യം. സംസ്കാരം നടത്തേണ്ട സ്ഥലം, മതപരമായ ആചാരങ്ങൾ, ചടങ്ങുകളിൽ പങ്കെടുക്കേണ്ട പ്രിയപ്പെട്ടവർ എന്നിവ മുൻകൂട്ടി തീരുമാനിക്കാം. അന്ത്യകർമങ്ങൾ, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങൾ, അസ്ഥി നിമജ്ജനം, പിണ്ഡദാനം, ശ്രാദ്ധം തുടങ്ങി വ്യക്തിഗത വിശ്വാസങ്ങൾക്കനുസരിച്ചുള്ള ചടങ്ങുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ആവിശ്യമായ സമയത്ത് സ്റ്റാർട്ടപ്പിൻ്റെ സേവന വിഭാഗവുമായി ബന്ധപ്പെടുന്നതിനായ് വിശ്വസ്ഥനായ ഒരു കുടുംബാംഗത്തെ പ്രതിനിധിയായ് നിർദേശിക്കാം. സേവനത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾ, നിരക്കുകൾ, അടവ് രീതികൾ,മാറ്റങ്ങൾ വരുത്താനുള്ള വ്യവസ്ഥകൾ എന്നിവ വ്യക്തമാക്കുന്ന രേഖകൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്താം.
മേൽവിലാസത്തിലോ കുടുംബാംഗങ്ങളുടെ വിവരങ്ങളിലോ ആവശ്യങ്ങളിലോ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അവ രേഖാമൂലം പുതുക്കാനും സാധിക്കും. മരണത്തെക്കുറിച്ചും സംസ്കാര ചടങ്ങുകളെക്കുറിച്ചും മുൻകൂട്ടി സംസാരിക്കുന്നത് പലപ്പോഴും മടിയോടെയാണ് സമൂഹം കാണുന്നത്. എന്നാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബാംഗങ്ങളുടെ മാനസിക സമ്മർദ്ദവും തീരുമാനങ്ങളെടുക്കുന്നതിലെ ബുദ്ധിമുട്ടും കുറയ്ക്കാൻ ഇത്തരം ആസൂത്രണങ്ങൾ ഏറെ സഹായകമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു.