
അസം ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ സംശയിക്കത്തക്ക തരത്തില്‍ ഒന്നുമില്ലെന്ന് സിംഗപ്പൂര്‍ പൊലീസ്. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് സുബീന്‍ ഗാര്‍ഗിന്റെ മരണം സ്ഥിരീകരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റില്‍ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതും. സിംഗപ്പൂരിന്റെ 2010ലെ കൊറോണേഴ്‌സ് ആക്ട് പ്രകാരം കേസ് സിംഗപ്പൂര്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. എന്നാല്‍ പ്രാഥമിക അന്വേഷണങ്ങള്‍ മുന്‍നിര്‍ത്തി നോക്കിയാല്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഒന്നുമുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് സിംഗപ്പൂര്‍ പൊലീസ് പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഒരു മൂന്ന് മാസം കൂടി എടുത്തേക്കും. അതുകൊണ്ട് തന്നെ സിംഗപ്പൂരിലെ സ്റ്റേറ്റ് കൊറോണെറില്‍ സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും ഈ കേസില്‍ ജുഡീഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുക. അതിന്റെ കണ്ടെത്തലുകള്‍ പൊതുജനങ്ങള്‍ക്കും നല്‍കുമെന്നും സിംഗപ്പൂര്‍ പൊലീസ് അറിയിച്ചു.
അതേസമയം അസമില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, മനപൂര്‍വ്വമല്ലാത്ത നരഹത്യ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഏഴ് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
ഗാര്‍ഗിനെ വിഷം നല്‍കി കൊലപ്പെടുത്തയതാകാമെന്ന് ബാന്‍ഡ് അംഗം ശേഖര്‍ ജ്യോതി ഗോസ്വാമി പറഞ്ഞിരുന്നു. മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയ്ക്കെതിരെയും ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹാന്തയ്ക്കുമെതിരെയാണ് ശേഖര്‍ ജ്യോതി ഗോസ്വാമിയുടെ മൊഴി. സിംഗപ്പൂര്‍ യാത്ര നിശ്ചയിച്ചത് കൊലപാതകത്തിനായെന്നും മൊഴിയില്‍ പറയുന്നു.
സിംഗപ്പൂരില്‍ ഗാര്‍ഗ് മരിക്കുന്നതു വരെയുള്ള മണിക്കൂറുകളില്‍ ശര്‍മയുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്നതായിരുന്നു. എഫ്ഐആറില്‍ പ്രതിചേര്‍ക്കപ്പെട്ട ശര്‍മയ്ക്കെതിരെ ജാമ്യാമില്ലാ വകുപ്പുകള്‍, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സിംഗപ്പൂരില്‍ വെച്ച് സെപ്റ്റംബര്‍ 20, 21 തീയതികളില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായിട്ടാണ് സിംഗപൂരില്‍ എത്തിയത്. സെപ്തംബര്‍ 19ന് സ്‌കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിട്ട സുബീനെ ഉടനടി കരയിലെത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സിംഗപൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് മരണം സ്ഥിരീകരിച്ചത്.