
ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ അഴിമതി ഡീൽ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഇൻഡ്യാ സഖ്യം ഉപേക്ഷിച്ച് ആം ആദ്മി പാർട്ടി. മുന്നണിയെ നയിച്ചിരുന്ന കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയാണ് എഎപി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച പ്രതിപക്ഷ മുന്നണിയിൽ നിന്ന് പിന്മാറിയത്.
ആം ആദ്മി പാർട്ടി ഇൻഡ്യാ സഖ്യവുമായി സഹകരിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രമായിരുന്നു എന്ന് രാജ്യസഭാ അംഗം സഞ്ജയ് സിങ് പറഞ്ഞു. യഥാർഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലാണെന്നും ഭാവി തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പാര്‍ട്ടി വക്താവ് അനുരാഗ് ദണ്ഡ അറിയിച്ചു.
"ബിജെപിയും കോൺഗ്രസും തമ്മിലുള്ള യഥാർത്ഥ സഖ്യം തിരശ്ശീലയ്ക്ക് പിന്നിലാണ്. നരേന്ദ്ര മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രമെ രാഹുൽ ഗാന്ധി പറയുന്നുള്ളൂ. പകരമായി മോദി ഗാന്ധി കുടുംബത്തെ ജയിലിൽ പോകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. പൗരന്മാർക്കായി സ്കൂൾ, ആശുപത്രി, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഇരുവർക്കും താൽപ്പര്യമില്ല," അനുരാഗ് ദണ്ഡ എക്സിൽ കുറിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കണമെങ്കില്‍ അണിയറയിലെ ഈ അഴിമതി സഖ്യം നാം അവസാനിപ്പിക്കണം. രാഹുല്‍ ഗാന്ധിയും മോദിയും പൊതുവേദികളില്‍ പ്രതിയോഗികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി പരസ്പരം ജാമ്യം നല്‍ക്കുകയാണ് ഇരുവരും എന്നതാണ് സത്യം. കോണ്‍ഗ്രസിൻ്റെ ദുര്‍ബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. അതുപോലെ ബിജെപി ഭരണം കോണ്‍ഗ്രസിൻ്റെ അഴിമതികളെ ഒളിപ്പിച്ചുനിര്‍ത്തുകയാണ്," അനുരാഗ് ദണ്ഡ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 240 സീറ്റുകള്‍ ഉറപ്പാക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇതൊരു നിര്‍ണായക നേട്ടമായിരുന്നുവെന്നും ആം ആദ്മി പാർട്ടി വക്താവ് പറഞ്ഞു. രാജ്യത്തിന് അനുകൂലമാകുന്ന വിഷയങ്ങളില്‍ പ്രതിപക്ഷത്തെ തുടർന്നും പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബിഹാര്‍ അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം.