

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞും, വിഷപ്പുകയും മൂലം താറുമാറായി ഡൽഹിയിലെ വിമാന ,റോഡ് ,ട്രെയിൻ ഗതാഗതം. രാവിലെ 7-30വരെ ഇന്ത്യാ ഗേറ്റ്, കരോൾബാഗ്, മയൂർവിഹാർ, നോയിഡ എന്നിവിടങ്ങളിൽ കടുത്ത മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി പൂജ്യത്തിൽ എത്തിയിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമ ഗതാഗതത്തെ ഇത് സാരമായി ബാധിച്ചു. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും വിമാനത്താവളങ്ങളിൽ ഏർപ്പാടാക്കിയിട്ടുണ്ട്.
കനത്ത മൂടൽമഞ്ഞ് 61ഓളം വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ട്. 122 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. മൂടൽമഞ്ഞിനെ തുടർന്ന് ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാരം 488 ൽ എത്തി നിൽക്കുകയാണ്. ആനന്ദ് വിഹാർ , ഓക്‌ല, ലജ്പത്നഗർ, മുഡ്‌ക, ഹരിനഗർ എന്നിവിടങ്ങളിലെ AQI 480 ന് മുകളിലാണ്. ശനിയാഴ്ച ഡൽഹിയിലുടനീളം മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനത്തിൻ്റെ സമയം ഉറപ്പു വരുത്തണമെന്നും വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണം, താമസം, ടിക്കറ്റ് തുക തിരികെ നൽകൽ എന്നിവ ഉറപ്പാക്കണമെന്നും ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.