ചേളന്നൂർ ദേശീയപാതയിൽ കുന്നിടിച്ചുള്ള മണ്ണെടുപ്പിൽ പ്രതിഷേധിച്ച് നാട്ടുകാർ; സമരക്കാർക്കെതിരെ ലാത്തി വീശി പൊലീസ്

നാട്ടുകാർ ലോറി തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശി
ചേളന്നൂർ ദേശീയപാതയിൽ കുന്നിടിച്ചുള്ള മണ്ണെടുപ്പിൽ പ്രതിഷേധിച്ച് നാട്ടുകാർ; സമരക്കാർക്കെതിരെ ലാത്തി വീശി പൊലീസ്
Published on


കോഴിക്കോട് ചേളന്നൂർ പൊഴിക്കാവിൽ ദേശീയപാതയിലെ മണ്ണെടുപ്പ് തടഞ്ഞ് പ്രദേശവാസികൾ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ദേശീയപാത നിർമാണത്തിനായാണ് അശാസ്ത്രീയമായ മണ്ണെടുപ്പ് നടക്കുന്നത്. നാട്ടുകാർ ലോറി തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശി.

തുടർന്ന് യുവാക്കളെയും ജനപ്രതിനിധികളെയും അടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതും പ്രതിഷേധം ആളിക്കത്തിച്ചു. ഇതോടെ പ്രദേശത്ത് വീണ്ടും പ്രതിഷേധം കനത്തു. നാട്ടുകാർ വീണ്ടും ലോറി തടയുന്നുണ്ട്.

നേരത്തെ ഡിസംബർ ഒന്നിന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ദേശീയപാത നിർമാണത്തിനായി കോഴിക്കോട് ചേളന്നൂർ പോഴികാവിൽ നിന്നും കുന്നിടിച്ചു മണ്ണെടുക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സമരസമിതിയും ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. ജിയോളജി വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുമെന്നും അതുവരെ മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവെക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചിരുന്നു.

പോഴിക്കാവ് കുന്നിലെ മണ്ണ് ഖനനത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രദേശവാസികൾ പ്രതിഷേധം നടത്തുന്നത്. ഒരു നാടിനെ തന്നെ ഇല്ലാതാക്കും വിധം കഴിഞ്ഞ ആറ് മാസക്കാലമായി രാവും പകലും അശാസ്ത്രീയമായി മണ്ണെടുക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങൾക്ക് മുൻപ് ഗതാഗത യോഗ്യമാക്കിയ പുതിയേടത്ത് താഴം ചിറക്കുഴി റോഡിലൂടെ ടൺകണക്കിനു ഭാരമുള്ള ലോറികൾ മണ്ണു കൊണ്ടുപോകുന്നതിനാൽ റോഡിന്റെ പല ഭാഗങ്ങളും തകർന്ന് തുടങ്ങിയിരുന്നു. പൊടിശല്യം രൂക്ഷമായതിനാൽ ഗുരുതര ആരോഗ്യ പ്രശ്ന‌ങ്ങളാണ് പ്രദേശവാസികൾ നേരിടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com