നാറ്റോ ഉച്ചകോടി: യുക്രെയ്‌ന് അംഗത്വമില്ല; റഷ്യ പ്രധാന സുരക്ഷാ ഭീഷണി

ഭാവിയില്‍ യുക്രെയ്‌ന് അംഗത്വം നല്‍കുന്നതില്‍ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ നാറ്റോ അംഗങ്ങള്‍ എന്നാല്‍ അംഗത്വം ലഭിക്കുന്ന സമയം വ്യക്തമാക്കിയിട്ടില്ല
നോര്‍ത്ത് അത്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ)
നോര്‍ത്ത് അത്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ)
Published on

നോര്‍ത്ത് അത്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ (നാറ്റോ) യുക്രെയ്‌ന് അംഗത്വമില്ല. ഭാവിയില്‍ യുക്രെയ്‌ന് അംഗത്വം നല്‍കുന്നതില്‍ പിന്തുണക്കുമെന്ന് പറഞ്ഞ നാറ്റോ അംഗങ്ങള്‍, എന്നാല്‍ അംഗത്വം എപ്പോൾ ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. യുക്രെയ്‌ന്‍റെ യുദ്ധ ശ്രമങ്ങള്‍ക്ക് സൈനിക സഖ്യത്തിലെ 32 അംഗങ്ങളും പിന്തുണയറിയിച്ചിട്ടുണ്ട്. എഫ് 6 ഫൈറ്റര്‍ വിമാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിങ്ങനെ യുദ്ധ സാമഗ്രികളും, 43.3 ബില്യണ്‍ ഡോളര്‍ ധനസഹായവും അടുത്ത വര്‍ഷം യുക്രെയ്‌ന് ലഭ്യമാക്കുമെന്ന് നാറ്റോ പ്രഖ്യാപിച്ചു.

"യുക്രെയ്ന് നല്‍കുന്ന സഹായം കേവലം കാരുണ്യ പ്രവര്‍ത്തനമല്ല. ഞങ്ങളുടെ തന്നെ സുരക്ഷാ താല്‍പര്യമാണ്", നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. യുക്രെയ്‌നില്‍ നടക്കുന്ന റഷ്യന്‍ അധിനിവേശമായിരുന്നു നാറ്റോ ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം. ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളും ചേര്‍ന്ന് റഷ്യയെ പ്രധാനപ്പെട്ട സുരക്ഷാ വെല്ലുവിളിയായി പ്രഖ്യാപിച്ചു. യുക്രെയ്ന്‍ സൈന്യത്തിന് പരിശീലനവും സൈനിക സഹായങ്ങളും നല്‍കാന്‍ നാറ്റോയുടെ പ്രത്യേക യൂണിറ്റ് സ്ഥാപിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി.

"കഴിഞ്ഞ ഏതാനും മാസങ്ങളായി ആവശ്യമായ ജനാധിപത്യ സാമ്പത്തിക സുരക്ഷ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതില്‍ യുക്രെയ്ന്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക അംഗത്വം ലഭിക്കുന്നതിന് ചില വ്യവസ്ഥകള്‍ കൂടി പാലിക്കണം. യുക്രെയ്ന്‍ ഈ നില തുടര്‍ന്നാല്‍ അംഗത്വമടക്കമുള്ള കാര്യങ്ങള്‍ നാറ്റോ പരിഗണിക്കും", നാറ്റോ ആംഗങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്‌കി നാറ്റോ ഉച്ചകോടിയില്‍ ക്ഷണിതാവായി പങ്കെടുത്തിരുന്നു. യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറടക്കമുള്ള ലോക നേതാക്കളുമായി സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തി.

യുഎസിന്‍റെ ആഭ്യന്തര രാഷ്ട്രീയം നാറ്റോ സഖ്യത്തെ ബാധിക്കുമോയെന്ന് മാധ്യമങ്ങള്‍ സ്‌റ്റോള്‍ട്ടന്‍ബെര്‍ഗിനൊട് ചോദിച്ചിരുന്നു. ആഭ്യന്തര രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനാലാണ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമായി നാറ്റോ മാറിയതെന്നായിരുന്നു സെക്രട്ടറി ജനറലിന്‍റെ മറുപടി. ബൈഡന്‍റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു മാധ്യമങ്ങളുടെ ചോദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com