നാട്ടികയിലെ അപകടം: മനഃപൂര്‍വമായ നരഹത്യക്ക് കേസെടുത്തു; അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗതാഗതമന്ത്രി

നാട്ടികയിലെ അപകടം: മനഃപൂര്‍വമായ നരഹത്യക്ക് കേസെടുത്തു; അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗതാഗതമന്ത്രി

അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു.
Published on


തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് തടി ലോറി കയറിയിറങ്ങി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഗതാഗത കമ്മീഷണറോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.

നാടോടി സംഘമാണ് പുലര്‍ച്ചെ നാല് മണിക്ക് ദേശീയപാതയിലുണ്ടായ അപകടത്തില്‍പ്പെട്ടത്. റോഡില്‍ ഉറങ്ങിക്കിടന്നിരുന്ന അഞ്ചു പേരും തത്ക്ഷണം മരിക്കുകയായിരുന്നു. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (1 വയസ്) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനാണ് അപകടം സംഭവിച്ചത്.

അതേസമയം നിര്‍ഭാഗ്യകരമായ അപകടമാണ് ഉണ്ടായതെന്ന് റവന്യു മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. അഞ്ച് മരണം സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.


വിവരം അറിഞ്ഞ ഉടനെ കളക്ടറും കമ്മീഷണറും ഇടപെട്ടു. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. സംഭവത്തില്‍ മനഃപ്പൂര്‍വമായ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. കര്‍ശനമായ നടപടിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ജില്ലാ ഭരണകൂടം മരിച്ചവരെ വീടുകളില്‍ എത്തിക്കും. ഇതിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ചികിത്സയടക്കം എല്ലാ പിന്തുണയും ഉണ്ടാകും. തുടര്‍ ചികിത്സക്ക് സഹായം സര്‍ക്കാര്‍ ചെയ്യും. ഇതിനായി തൃശൂര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാകും ധനസഹായം നൽകുക. കൂടുതല്‍ ധനസഹായം കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിശോധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

11 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഗോവിന്ദാപുരം സ്വദേശികളായ ചിത്ര, ദേവേന്ദ്രന്‍, ജാന്‍സി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ശിവാനി വിജയ് രമേശ് എന്നിവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബാരിക്കേഡ് മറികടന്നു വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് അപകടത്തെ കുറിച്ച് പൊലീസ് പറയുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.




News Malayalam 24x7
newsmalayalam.com