സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനം; ടി.വി. പ്രശാന്തിന് സസ്‌പെൻഷൻ

സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനം; ടി.വി. പ്രശാന്തിന് സസ്‌പെൻഷൻ

അന്വേഷണ വിധേയമായാണ് ഇയാളെ സസ്‌പെൻഷൻഡ് ചെയ്തത്. പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ്
Published on

ടി.വി. പ്രശാന്തിനെ സസ്പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ്. സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് ഇയാളെ സസ്‌പെൻഷൻഡ് ചെയ്തത്. പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ്. ഇയാൾ അച്ചടക്ക ലംഘനം നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചത് ഇയാളാണ്. എഡിഎമ്മിൻ്റെ മരണത്തെ തുടർന്നാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. ഇതിനെ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ടി.വി. പ്രശാന്തനെതിരെ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.  വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പിലിന് നിർദേശവും നൽകിയിരുന്നു. "പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല. സർക്കാർ സർവീസിലേക്ക് പരിഗണന പ്രക്രിയയിൽ ഉള്ള ആളാണ്. തെറ്റുകാരൻ എങ്കിൽ സർക്കാർ സർവീസിൽ ഉണ്ടാകില്ല. അന്വേഷിക്കാൻ പരിമിതിയുണ്ട് എന്നാണ് പ്രിൻസിപ്പല്‍ ഡിഎംഇയെ അറിയിച്ചത്.


പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഒക്ടോബർ ആറാം തീയതി എഡിഎം താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

കൈക്കൂലി നൽകിയില്ലെങ്കിൽ ഈ ജന്മത്തിൽ അനുമതി നൽകില്ലെന്നും, തൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റ് ബിസിനസുകളിലും, ജോലികളിലും തടസം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാൽ 98500 രൂപ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വെച്ച് നൽകിയെന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് എട്ടാം തീയതി പെട്രോൾ പമ്പിന് അനുമതി നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ അദ്ദേഹത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രശാന്തൻ്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പമ്പിനായി രണ്ട് കോടി രൂപ കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നും ദിവ്യ കൂട്ടുനിന്നോ എന്നും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.

നവീൻ ബാബു മരണപ്പെട്ടതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗുരുതര ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിനുൾപ്പെടെ ഷെയർ ഉള്ളതാണെന്നും പ്രശാന്തൻ ബിനാമിയാണെന്നും ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം ആരോപണവിധേയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. ആത്മഹത്യാ പ്രേരണകുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന ് നീക്കിയതിന് പിന്നാലെ ഒളിവിൽ പോയ ദിവ്യയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷമേ ഹാജരാവുകയുള്ളുവെന്നാണ് ദിവ്യയുടെ അടുത്ത വൃത്തങ്ങൾ പുറത്തു വിടുന്ന വിവരം. 

News Malayalam 24x7
newsmalayalam.com