നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ഹർജി തള്ളി ഹൈക്കോടതി

നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്
നവീൻ ബാബു
നവീൻ ബാബു
Published on

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്.


ഹൈക്കോടതി സിബിഐ അന്വേഷണം അനുവദിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നായിരുന്നു മഞ്ജുഷയുടെ ആദ്യ പ്രതികരണം. ഹർജി തള്ളിയത് വലിയ വിഷമമായി. തുടർ നിയമനടപടി ആലോചിച്ചു തീരുമാനിക്കുമെന്നും മഞ്ജുഷ അറിയിച്ചു. നല്ലവണ്ണം വാദമുഖങ്ങൾ അവതരിപ്പിച്ചിരുന്നുവെന്നും ആദ്യ അഭിഭാഷകനെ മാറ്റി അഡ്വ. രാംകുമാറിനെ വെച്ചിരുന്നതായും മഞ്ജുഷ കൂട്ടിച്ചേർത്തു. യൂട്യൂബ് ചാനൽ വഴി നവീൻ ബാബുവിന്റെ സഹോദരനെതിരെ അപവാദപ്രചരണ നടത്തുന്നതായി മൂത്ത മകൾ നിരഞ്ജന ആരോപിച്ചു. കേസ് അടക്കമുള്ള കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛന്റെ സഹോദരനാണ്. അദ്ദേഹത്തെയാണ് മോശപ്പെടുത്തുന്നതെന്നും അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതായും നിരഞ്ജന പറഞ്ഞു. ഇല്ലാത്ത കാര്യങ്ങൾ ദയവായി പ്രചരിപ്പിക്കരുതെന്നും നിരഞ്ജന ആവശ്യപ്പെട്ടു.

പൊലീസിൽ നിന്ന് നീതി കിട്ടാത്തപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലേക്ക് പോയത്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. പ്രധാന പ്രതികളെ എല്ലാം പൊലീസ് സംരക്ഷിക്കുന്നുവെന്നും അന്വേഷണം വഴിമുട്ടിയതായും മഞ്ജുഷ പറഞ്ഞു. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ വഴി അപവാദപ്രചരണം നടത്തുന്നതെന്നും മഞ്ജുഷ ആരോപിച്ചു.

നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കഴിഞ്ഞ ജനുവരി ആറിനാണ് സിംഗിൾ ബഞ്ച് തള്ളിയത്. എന്നാൽ സർക്കാരിലും സിപിഎമ്മിലും ഉന്നത ബന്ധങ്ങളുള്ള പ്രതി പി.പി. ദിവ്യ അന്വേഷണത്തെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സാധ്യത സിംഗിൾ ബെഞ്ച് പരിഗണിച്ചിട്ടില്ലെന്നും അതിനാൽ, അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാകാമെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം തയാറായില്ല. മരണം അറിഞ്ഞത് മുതൽ പൊലീസ് സംഘം പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

പ്രത്യേക അന്വേഷണ സംഘം പോലും രാഷ്ട്രീയ പ്രേരിതമായാണ് മുന്നോട്ടു പോകുന്നത്. പോസ്റ്റുമോർട്ടം പൂർത്തിയാകും മുമ്പേ ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. നവീന്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടതിനെക്കുറിച്ച് പൊലീസ് വേണ്ടവിധം അന്വേഷിച്ചില്ലെന്നുമാണ് ഭാര്യ അപ്പീലിൽ പറഞ്ഞിരുന്നത്. എന്നാൽ സിംഗിൾ ബഞ്ച് ഉത്തരവിൽ അപാകതയില്ലെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടികാട്ടി ഹർജി തള്ളുകയായിരുന്നു. 2024 ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. ജനുവരി ആറിനാണ് സി.ബി.ഐ അന്വേഷണ ആവശ്യം സിംഗിൾബെഞ്ച് തള്ളിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com