കളക്ടറുമായി നവീന് ഒരു ആത്മബന്ധവുമില്ല, കുറ്റസമ്മതം നടത്തിയെന്നത് നുണ; നീതിക്കായി ഏതറ്റം വരെയും പോകും; നവീൻ ബാബുവിന്റെ ഭാര്യ

കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ
കളക്ടറുമായി നവീന് ഒരു ആത്മബന്ധവുമില്ല, കുറ്റസമ്മതം നടത്തിയെന്നത് നുണ; നീതിക്കായി ഏതറ്റം വരെയും പോകും; നവീൻ ബാബുവിന്റെ ഭാര്യ
Published on

കണ്ണൂർ ജില്ലാ കളക്ടറെ തള്ളി ആത്മഹത്യചെയ്ത എഡിഎം നവീൻ ബാബുവിന്റെ കുടുംബം. എഡിഎം കുറ്റസമ്മതം നടത്തിയെന്നത് നുണ. കളക്ടറുമായി നവീന് ഒരു ആത്മബന്ധവുമില്ലെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്തയാളാണ് കളക്ടറെന്നും നവീൻ ബാബുവിന്റെ ഭാര്യ പറഞ്ഞു.

"ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അങ്ങനെയിരിക്കെ കളക്ടറോട് നവീൻ ഒരു കാര്യവും തുറന്നുപറയാൻ യാതൊരു സാധ്യതയുമില്ല. കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം വീട്ടിലേക്ക് വരുന്നതിൽ താത്പര്യമില്ല. മരണത്തിൽ നീതി ലഭിക്കുന്നതിനായി നിയമപരമായ എല്ലാ സാധ്യതകളും തേടും," മഞ്ജുഷ പറഞ്ഞു.

യാത്രയയപ്പ് ദിവസം തന്നോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു എന്നുമാണ് കളക്ടര്‍ പൊലീസിനോട് പറഞ്ഞത്. തെറ്റു പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും താൻ നൽകിയ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത് തള്ളിയാണ് ഇപ്പോൾ കുടുംബം രംഗത്തെത്തിയത്.

വിധി പകർപ്പിലുള്ളത് മൊഴിയുടെ പൂർണ വിവരങ്ങളല്ല, അന്വേഷണം നടക്കുന്നതിനാൽ പരസ്യ പ്രസ്താവനകൾ നടത്താൻ പറ്റില്ലെന്നും കളക്‌ടർ വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തുവരട്ടെയെന്നുമാണ് കളക്ടർ പ്രതികരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com