
കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് കരസേനയും നാവിക സേനയും സംയുത്മായാണ് പരിശോധന നടത്തുന്നത്. പുഴക്കരയിൽ നിന്നും മണ്ണ് നീക്കുകയാണെന്നും, പുഴയിലെ പരിശോധനയിൽ പ്രതീക്ഷയെന്നും മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷറഫ് പറഞ്ഞു.
അതേസമയം പുഴക്കരയിൽ നിന്ന് 40 മീറ്റർ മാറിയുള്ള സ്ഥലത്ത് നിന്ന് റഡാർ സിഗ്നൽ കിട്ടിയിരുന്നു. തെരച്ചിൽ നടത്തുന്ന സ്ഥലത്ത് നിന്നുള്ള റഡാറിന്‍റെ സിഗ്നൽ മാപ്പ് പുറത്തുവന്നിട്ടുണ്ട്. മലയിടിഞ്ഞ് വീണ പ്രദേശത്ത് നിന്നും ലഭിച്ച സിഗ്നൽ മാപ് ചെയ്തതാണ് ഇത്. മണ്ണിനടിയിലുണ്ടെന്ന് കരുതുന്ന ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്.
അർജുനൻ്റെ ലോറിയ്ക്ക് 20 ടൺ ഭാരം വരും. മല മുകളിൽ നിന്ന് നദിയിലേക്ക് 200 മീറ്ററോളം മണ്ണ് ഇടിഞ്ഞിറങ്ങിയിട്ടുണ്ട്. അതിന്‍റെ ആഘാതം പരിശോധിച്ചാൽ ഇത്ര ഭാരമുള്ള ലോറി ഇപ്പോഴുള്ള കരയിൽ നിന്ന് 40 മീറ്ററോളം അകലെ വരെയെത്താനാണ് സാധ്യത. അത് കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന സിഗ്നലുകളും ആഭാഗത്തു നിന്ന് തന്നെയാണ്.
എട്ടു ദിവസം മുൻപാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കർണാടകയിൽ നിന്നുള്ള യാത്രാമധ്യേ കാണാതായത്. ഷരൂരിൽ മണ്ണിടിഞ്ഞ് വീണ പ്രദേശത്ത് അർജുൻ ഓടിച്ചിരുന്ന ലോറിയുൾപ്പെടെ കുടുങ്ങിക്കിടക്കുന്നുവെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടക്കുന്നത്.