
ഗുജറാത്തിലെ സൂറത്തിൽ ഇന്ത്യൻ നാവികസേന നടത്തിയ മിസൈൽ പരീക്ഷണം വിജയകരം. മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ പരീക്ഷണമാണ് നടത്തിയത്. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് സൂറത്ത് നടത്തിയ അഭ്യാസത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക് മിസൈലുകളെ പ്രതിരോധിക്കാൻ ഇന്ത്യൻ നേവിയുടെ കരുത്ത് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ.
ഇസ്രയേലുമായി സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈൽ. ഈ ലേസർ നിയന്ത്രിത മിസൈലിന് 70 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. സമുദ്രതലത്തിലൂടെയുള്ള ഭീഷണികളെ ചെറുക്കുന്നതിനായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ തദ്ദേശീയ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് സൂറത്ത് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സേന തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പ്രതികരിച്ചു. ഇത് നാവികസേനയ്ക്ക് മറ്റൊരു നാഴികകല്ലാണെന്നും ഇന്ത്യന്‍ നാവികസേന എക്‌സിൽ കുറിച്ചു.
പാക് മിസൈൽ പരീക്ഷണ പ്രഖ്യാപനത്തിന് മറുപടിയായാണ് ഇന്ത്യയുടെ മിസൈൽ പരീക്ഷണം. കറാച്ചി തീരത്ത് നിന്ന് കരയിലേക്ക് മിസൈൽ പരീക്ഷണം നടത്തുമെന്നാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.