'സംഘര്‍ഷം നയതന്ത്രപരമായി അവസാനിപ്പിക്കണം'; പാക് പ്രധാനമന്ത്രിക്ക് മുന്‍ പ്രധാനമന്ത്രിയായ സഹോദരന്റെ ഉപദേശം

സമാധാനം പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തണമെന്ന് നവാസ് ഷെരീഫ്
നവാസ് ഷെരീഫ് - ഷഹ്ബാസ് ഷെരീഫ്
നവാസ് ഷെരീഫ് - ഷഹ്ബാസ് ഷെരീഫ്
Published on



ഇന്ത്യ-പാക് സംഘര്‍ഷം ത്രീവമായിരിക്കെ, പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് ഉപേദശവുമായി മുന്‍ പ്രധാനമന്ത്രി കൂടിയായ സഹോദരന്‍ നവാസ് ഷെരീഫ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രതിസന്ധി നയതന്ത്രപരമായി അവസാനിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് നവാസ് ഷെരീഫ് സഹോദരനെ ഉപദേശിച്ചതായാണ് ദ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ സിന്ധു ജല ഉടമ്പടി റദ്ദാക്കിയതിനു പിന്നാലെയാണ്, സഹോദരനായ പ്രധാനമന്ത്രിയെ സഹായിക്കാന്‍ നവാസ് ഷെരീഫ് ലണ്ടനില്‍നിന്ന് തിരികെയെത്തിയത്.

രണ്ട് ആണവരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തണമെന്നാണ് നവാസ് ഷെരീഫിന്റെ പക്ഷം. ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പ്പര്യവുമില്ല. ഇന്ത്യയുമായി നല്ല ബന്ധം തുടരേണ്ടതിന്റെ ആവശ്യകത 2023ല്‍ നവാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. കാര്‍ഗില്‍ യുദ്ധത്തെ എതിര്‍ത്തതുകൊണ്ടാണ് 1999ല്‍ തന്റെ സര്‍ക്കാര്‍ പുറത്തായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. "പിഎംഎൽ-എൻ എല്ലായ്പ്പോഴും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും എല്ലായ്പ്പോഴും അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. 1993-ലും 1999-ലും എന്റെ സർക്കാരുകൾ അട്ടിമറിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയണമായിരുന്നു. ഞങ്ങൾ കാർഗിൽ യുദ്ധത്തെ എതിർത്തതുകൊണ്ടാണോ അത്" -എന്നായിരുന്നു നവാസ് ഷെരീഫ് അന്ന് പറഞ്ഞത്. 1999 ഒക്ടോബർ 12നാണ് നവാസ് ഷെരീഫ് സർക്കാർ അട്ടിമറിക്കപ്പെടുന്നത്.

ഇന്ത്യയുമായുള്ള നയതന്ത്ര കരാർ 1999ൽ പാകിസ്ഥാൻ ലംഘിച്ചിരുന്നു എന്ന് കഴിഞ്ഞ വർഷം നവാസ് ഷെരീഫ് അഭിപ്രായപ്പെട്ടിരുന്നു. "1998 മെയ് 28ന് പാകിസ്ഥാൻ അഞ്ച് ആണവ പരീക്ഷണങ്ങൾ നടത്തി. അതിനുശേഷം വാജ്‌പേയി സാഹിബ് ഇവിടെ വന്ന് ഞങ്ങളുമായി ഒരു കരാറുണ്ടാക്കി. പക്ഷേ ഞങ്ങൾ ആ കരാറും ലംഘിച്ചു. അത് ഞങ്ങളുടെ തെറ്റാണ്" -എന്നായിരുന്നു നവാസിന്റെ പ്രതികരണം. 1999 ഫെബ്രുവരി 21ന് നവാസും ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും ഒപ്പുവെച്ച 'ലാഹോര്‍ പ്രഖ്യാപനം' പരാമര്‍ശിച്ചായിരുന്നു ആ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനവും സ്ഥിരതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രഖ്യാപനം. എന്നാല്‍, അതിനു പിന്നാലെ പാക് സൈന്യം ജമ്മു കശ്മീരിലെ കാര്‍ഗില്‍ ജില്ലയിലേക്ക് നുഴഞ്ഞുകയറി. അതാണ് കാര്‍ഗില്‍ യുദ്ധത്തിന് കാരണമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com