
നയൻതാര-ധനുഷ് വിവാദം വീണ്ടും വഴിതുറക്കുന്നു. സത്യസന്ധയായതിനാലാണ് ധൈര്യമെന്നും പ്രശസ്തിക്ക് വേണ്ടി മറ്റൊരാൾക്ക് ചീത്ത പേരുണ്ടാക്കുന്ന വ്യക്തിയല്ല താനെന്നും നയൻതാര പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നയൻതാരയുടെ തുറന്നുപറച്ചിൽ.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ധനുഷ് പ്രതികാരം വീട്ടുന്നുവെന്ന ആരോപണവുമായി സൂപ്പർസ്റ്റാർ നയന്‍താര രംഗത്തെത്തിയത്. നയൻതാര: ബിയോണ്ട് ദി ഫെയ്റിടൈൽ എന്ന ഡോക്യുമെൻ്ററിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ, ധനുഷ് 10 കോടി ആവശ്യപ്പെട്ട് നയൻതാരക്ക് വക്കീല്‍ നോട്ടീസ് അയച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
എന്നാൽ സംഭവത്തിൽ പുതിയ തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നയൻതാര. സത്യത്തിൽ നിന്നാണ് ധൈര്യമുണ്ടാകുന്നതെന്നും, എന്തെങ്കിലും വിവാദങ്ങൾ മനഃപൂർവം സൃഷ്ടിക്കാൻ ശ്രമിച്ചാലേ താൻ ഭയപ്പെടേണ്ട കാര്യമുള്ളു എന്നും നയൻതാര പറഞ്ഞു. തെറ്റൊന്നും ചെയ്യാത്ത നിലയ്ക്ക് തനിക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്നും നയൻതാര വ്യക്തമാക്കി. മറ്റാരും ഇത്തരത്തിൽ തുറന്നുപറയാൻ ധൈര്യപ്പെടില്ലെന്ന് പറഞ്ഞുകൊണ്ട്, ധനുഷിന് നേരെ ഒളിയമ്പെയ്തായിരുന്നു നയൻതാരയുടെ പ്രസ്താവന.
"ഞാനിപ്പോൾ തുറന്നു സംസാരിച്ചില്ലെങ്കിൽ കാര്യങ്ങൾ ഒരുപാട് ദൂരം മുമ്പോട്ട് പോവും. പിന്നീട് ഒരു തുറന്നുപറച്ചിൽ നടത്തിയിട്ട് കാര്യമില്ല. ഇങ്ങനെ തുറന്നു സംസാരിക്കാനുള്ള ധൈര്യം മറ്റാർക്കെങ്കിലും ഉണ്ടാകുമെന്നും എനിക്ക് തോന്നുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യാൻ ഞാനെന്തിനാണ് ഭയപ്പെടുന്നത് ? തെറ്റ് ചെയ്താൽ മാത്രമേ എനിക്ക് ഭയപ്പെടേണ്ടതുള്ളു. പ്രശസ്തിക്ക് വേണ്ടി മറ്റൊരാൾക്ക് ചീത്ത പേരുണ്ടാക്കുന്ന വ്യക്തിയല്ല ഞാൻ," നയൻതാര അഭിമുഖത്തിൽ പറഞ്ഞു.
നയൻതാരയുടെ കരിയറിനെ ആധാരമാക്കി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ നയൻതാര: ബിയോണ്ട് ദി ഫെയ്റിടൈൽ എന്ന ഡോക്യുമെന്ററി വൈകിയതിന് പിന്നിൽ ധനുഷാണെന്നായയിരുന്നു നയന്‍താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ആരോപിച്ചിരുന്നത്. ഡോക്യുമെന്ററിയിൽ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഉപയോഗിക്കുന്നതിന് ചിത്രത്തിന്റെ നിർമാതാവായ ധനുഷ് തടസം നിന്നതിനാലാണ് രണ്ട് വർഷം നീണ്ട കാത്തിരിപ്പ് ഡോക്യുമെന്ററിയുടെ റിലീസിനായി വേണ്ടി വന്നതെന്ന് കുറിപ്പിൽ പറയുന്നു.