
ബാബറി മസ്ജിദ് വിഷയം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിച്ച് NCERT മോധാവി ദിനേശ് പ്രസാദ് സ്കലാനി. വിദ്വേഷവും അക്രമവും വിദ്യാഭ്യാസത്തിൻ്റെ ഭാഗമല്ല, പാഠപുസ്തകങ്ങൾ അത്തരം വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നുമാണ് വിശദീകരണം.
കാലാഹരണപ്പെട്ട എന്താണെങ്കിലും തിരുത്തണം, അത് കാവിവത്കരണമായി താൻ കാണുന്നില്ല. കലാപത്തെകുറിച്ച് പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് പൗരന്മാരിൽ മോശം സ്വാധീനമായിരിക്കും ചെലുത്തുക. അക്രമാസക്തരും വിഷാദരോഗികളുമായ വ്യക്തികളെ ഇവ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ വസ്തുതാപരമായ അറിവുകളോടെ ബോധവത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, നല്ല പൗരന്മാരെ സൃഷ്ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ദിനേശ് പ്രസാദ് സ്കലാനി കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച എൻസിഇആർടി വിപണിയിലെത്തിച്ച പാഠപുസ്തതകത്തിലാണ് ബാബറി മസ്ജിദിനെ “മൂന്ന് മിനാരങ്ങളുള്ള പള്ളി”എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അയോധ്യ തർക്കവുമായി ബന്ധപ്പെട്ട ഭാഗവും പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള രഥയാത്ര, ബാബറി പള്ളി തകർത്തതിലെ കർസേവകരുടെ പങ്ക്, 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെയുണ്ടായ ഉണ്ടായ വർഗീയ കലാപം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്, അയോധ്യയിൽ നടന്ന സംഭവങ്ങളിൽ ബിജെപി നടത്തിയ ഖേദപ്രകടനം തുടങ്ങിയ വിവരങ്ങളും പരിഷ്കരിച്ച പാഠപുസ്തകത്തിൽ നിന്ന് വെട്ടിമാറ്റിയിട്ടുണ്ട്.