
എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കാൻ എൻസിപിയിൽ ശ്രമം ശക്തമാകുന്നു. മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാൽ എം എൽ എ സ്ഥാനം രാജി വെക്കുമെന്ന് ശശീന്ദ്രൻ വ്യക്തമാക്കി. ചർച്ചക്ക് വന്ന പാർട്ടി നേതാക്കളോടും ശശീന്ദ്രൻ തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിലെ ചർച്ച പിസി ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മന്ത്രി സ്ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഭവത്തിൽ തോമസ് കെ.തോമസ് നാളെ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കാണും. നാളെ മുംബൈയിലായിരിക്കും കൂടിക്കാഴ്ച. പി സി ചാക്കോയും മുംബൈയ്ക്കു പോകുമെന്നാണ് വിവരം. അതേസമയം, ശശീന്ദ്രൻ ഇവർക്കൊപ്പം പോകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം കൈമാറണമെന്ന ആവശ്യം തോമസ് കെ തോമസ് ഉന്നയിച്ചിരുന്നുവെങ്കിലും ശശീന്ദ്രൻ ഇതിന് വഴങ്ങിയിരുന്നില്ല. ആദ്യം സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ പിന്തുണ ശശീന്ദ്രന് ലഭിച്ചിരുന്നുവെങ്കിലും മതമേലധ്യക്ഷന്മാർ ഇടപെട്ടതോടെ പി സി ചാക്കോ തോമസ് കെ തോമസിന് അനുകൂലമായി. ഇതോടെയാണ് ഇപ്പോൾ എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റുവാനുള്ള നീക്കം ശക്തമായിരിക്കുന്നത്.