
മഹാരാഷ്ട്രയിലെ മഹാവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകളിലാണ് എൻഡിഎ. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന സൂചനയാണ് പുറത്തുവരുന്നത്. ഉപമുഖ്യമന്ത്രി പദവികളെ സംബന്ധിച്ചും ഇന്നത്തെ ചർച്ചയിൽ ധാരണയായേക്കും. നിലവിലെ സാഹചര്യമനുസരിച്ച് ഏകനാത് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയില്ല. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് സൂചന.
നിലവിൽ രണ്ട് ഉപ മുഖ്യമന്ത്രിമാർ ആണുള്ളത്. ഇതു തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ഘടകകക്ഷികളായ ശിവസേന ഷിന്‍ഡെ വിഭാഗം എൻസിപി അജിത് പവർ വിഭാഗം എന്നിവർക്ക് നൽകേണ്ട മന്ത്രിസ്ഥാനങ്ങളിലും ഇന്ന് തീരുമാനം ഉണ്ടാകും. നാളെയാണ് ബിജെപിയുടെയും ഘടകകക്ഷികളെയും യോഗം.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയ എൻഡിഎ ഉജ്ജ്വല വിജയമാണ് നേടിയത്. 288 സീറ്റുകളിൽ 235 ഇടത്താണ് എൻഡിഎ സഖ്യമായ മഹായുതി വിജയിച്ചത്. തകർന്നടിഞ്ഞ ഇന്ത്യാ സഖ്യം 49 സീറ്റുകളില്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ തുടങ്ങി മഹാരാഷ്ട്രയിൽ മഹായുതിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി ബിജെപി സഖ്യത്തിലെ പ്രതാപം തിരിച്ചുപിടിച്ചു.
ഒരുവശത്ത് ബിജെപിക്ക് മറാഠാ മണ്ണില്‍ ചരിത്രവിജയമെങ്കില്‍ മറുവശത്ത്, ജനവിധി തേടിയിറങ്ങിയ 103 സീറ്റുകളില്‍ രണ്ട് ഡസനോളം സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന്‍റെ പതനം ഞെട്ടിക്കുന്നതായിരുന്നു.കൂട്ടി വെച്ചാല്‍ പോലും ബിജെപിയുടെ പകുതിയെത്താതെ മഹാവികാസ് അഘാഡി സഖ്യം 48 ൽ ഒതുങ്ങി. ലോക്സഭാ ഫലത്തോടെ ബിജെപി ദുർബലമായി എന്ന വാദം മാറ്റിയെഴുതുന്ന ഈ വിധി ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിന് വലിയ നിരാശയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.