
നെടുമങ്ങാട് വലിയമലയിൽ ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരുക്കേൽപ്പിച്ചു. വലിയമല - കരിങ്ങയിലാണ് സംഭവം. കരിങ്ങ സ്വദേശി തുളസീധരൻ നായർ (60) നെയാണ് അക്രമി സംഘം വെട്ടിയത്.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സെന്റ് തോമസ് പള്ളിയുടെ മുന്നിലെ റബ്ബർ തോട്ടത്തിൽ വെച്ച് തൊഴിലാളിയെ വെട്ടിയത്. നാലംഗ സംഘം കത്തി ഉപയോഗിച്ച് ടാപ്പിംഗ് തൊഴിലാളിയെ വെട്ടുകയായിരുന്നു. തുളസീധരൻ്റെ മുഖത്തും കൈയിലും കാലിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തുളസീധരൻ നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിയെത്തിയതോടെ അക്രമി സംഘം ഓടിപ്പോകുകയായിരുന്നു.
സ്ഥിരമായി അഞ്ച് മണിക്കാണ് തുളസീധരൻ റബ്ബർ വെട്ടാൻ വരുന്നത്. സന്തോഷ് ആണോ എന്ന് ചോദിച്ച ശേഷമാണ് അക്രമികൾ തുളസീധരനെ വെട്ടിയത്. ഗുരുതര പരുക്കേറ്റ തുളസീധരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വലിയമല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.