
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികളായ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. എസ്.ഐ. കെ.എ. സാബു, എ.എസ്.ഐ. സി.ബി. റെജിമോന്‍, സി.പി.ഒ എസ്. നിയാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവരെ ഉപാധികളോടെ തിരിച്ചെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഇടുക്കി ജില്ലയില്‍ നിയമനം നല്‍കരുതെന്ന വ്യവസ്ഥയോടെ ഇവരെ തിരിച്ചെടുക്കാം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. സസ്‌പെന്‍ഷനെതിരെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ 2019 ജൂണ്‍ 12നാണ് രാജ് കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനിടെ ക്രൂരമായ മര്‍ദനമാണ് രാജ് കുമാറിന് പൊലീസ് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത്.
ജൂണ്‍ 15നാണ് രാജ് കുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പിന്നാലെ രാജ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മടക്കി അയച്ചു. തുടര്‍ന്ന് റിമാന്‍ഡിലിരിക്കെ ജൂണ്‍ 21ന് മരണപ്പെടുകയായിരുന്നു.
രാജ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ മര്‍ദനമേറ്റതിന്റെ രേഖപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസില്‍ ഏഴ് പൊലീസുകാരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
2020 ജനുവരിയിലാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒരു വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെയും ബിജു ലൂക്കേസ് എന്ന കോണ്‍സ്റ്റബിളിനെയും കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തുകൊണ്ടായിരുന്നു സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
2019 ജൂണ്‍ 12 മുതല്‍ 15 വരെ രാജ് കുമാറിനെയും ചിട്ടി കമ്പനി ജീവനക്കാരിയായ ശാലിനിയെയും അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്. രാജ് കുമാര്‍ നേരിട്ടത് സമാനതകളില്ലാത്ത പൊലീസ് പീഡനമാണെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്.