നീറ്റ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; കാൺപൂരിൽ കോച്ചിങ് സെൻ്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ

വീഡിയോ പരസ്യപ്പെടുത്തുമെന്നും മാതാപിതാക്കളെ കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, മറ്റു പലയിടത്തും വെച്ച് വീണ്ടും ബലാത്സംഗം ചെയ്തതായും അതിജീവിത പൊലീസിനെ അറിയിച്ചു
നീറ്റ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; കാൺപൂരിൽ കോച്ചിങ് സെൻ്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ
Published on

കാൺപൂരിൽ പ്രായപൂർത്തിയാകാത്ത നീറ്റ് വിദ്യാർഥിനിയെ രണ്ട് എൻട്രൻസ് കോച്ചിങ് അധ്യാപകർ ചേർന്ന് ബലാത്സംഗം ചെയ്തു. കാൺപൂരിലെ ഒരു പ്രശസ്തമായ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ പരിശീലനത്തിനായെത്തിയ വിദ്യാർഥിനിയെയാണ് അധ്യാപകർ ബലാത്സംഗം ചെയ്യുകയും രണ്ട് മാസത്തോളം ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതിൽ ഒരു അധ്യാപകൻ, നേരത്തെ മറ്റൊരു വിദ്യാർഥിയെ ശാരീരിക പീഡനമേൽപ്പിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റിലായിരുന്നു. ഇതാണ് അധ്യാപകർക്കെതിരെ പരാതി സമർപ്പിക്കാൻ ഈ വിദ്യാർഥിനിക്കും പ്രചോദനമായത്. രണ്ട് അധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വിദ്യാർഥിനി 2022ലാണ് എൻട്രൻസ് കോച്ചിങ് സെൻ്ററിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്നതിനായി ചേർന്നത്. തുടർന്ന് ആ വർഷം ജനുവരിയിൽ, ബയോളജി അധ്യാപകനായ സഹീൽ സിദ്ദിഖി (32) അയാളുടെ വീട്ടിലെ ഒരു പാർട്ടിക്ക് വിദ്യാർഥിനിയെ ക്ഷണിച്ചു. എല്ലാ വിദ്യാർഥികൾക്കുമുള്ള പാർട്ടിയെന്ന് പറഞ്ഞാണ് ക്ഷണിച്ചതെങ്കിലും, അവിടെയെത്തിയപ്പോൾ മറ്റു വിദ്യാർഥികളാരും ഉണ്ടായിരുന്നില്ല. തുടർന്ന് സിദ്ദിഖി നിർബന്ധിച്ച് വിദ്യാർഥിനിക്ക് മദ്യം നൽകിയെന്നും തുടർന്ന് ബലാത്സംഗത്തിന് ഇരയാക്കുകയും, അതിൻ്റെ വീഡിയോ ഷൂട്ട് ചെയ്തെന്നും പരാതിയിൽ പറയുന്നുണ്ട്.

തുടർന്ന്, വീഡിയോ പരസ്യപ്പെടുത്തുമെന്നും, മാതാപിതാക്കളെ കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, മറ്റു പലയിടത്തും വെച്ച് വീണ്ടും ബലാത്സംഗം ചെയ്തതായും അതിജീവിത പൊലീസിനെ അറിയിച്ചു. പലപ്പോഴായി ഇയാൾ വിദ്യാർഥിനിയെ ഫ്ലാറ്റിൽ ബന്ദിയാക്കുകയും, പാർട്ടികളിൽ പങ്കെടുക്കാൻ നിർബന്ധിതയാക്കുകയും ചെയ്തു. ഇത്തരത്തിലൊരു പാർട്ടിക്കിടയിലാണ്, കെമിസ്ട്രി അധ്യാപകനായ വികാസ് പൊർവാളും വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തത്. ഒരിക്കൽ ഹോളിക്ക് വീട്ടിൽ പോയ വിദ്യാർഥിനിയെ മാതാപിതാക്കളെ ഉപദ്രവിക്കുമെന്ന് പറഞ്ഞ് സിദ്ദിഖി വിളിച്ചുവരുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

അടുത്തിടെ മറ്റൊരു വിദ്യാർഥിനിക്ക് ശാരീരിക പീഡനമേൽപ്പിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റിലായ സിദ്ദിഖിയെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. വീണ്ടും പരാതി ഉയർന്നതോടെ, രണ്ട് അധ്യാപകരെയും പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്ന് അസിസ്റ്റൻ്റ് കമ്മീഷണർ അഭിഷേക് പാണ്ഡെ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com