
നീറ്റ് വിവാദത്തിൽ പ്രതിഷേധം തണുപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ മന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അതേസമയം പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഈ മാസം 18 ന് പരിഗണിക്കും.
നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പരീക്ഷ എഴുതിയ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന ലക്ഷ്യം കൂടി കൂടിക്കാഴ്ചയ്ക്ക് പിന്നിലുണ്ട്.
അതേസമയം നീറ്റ് യുജി പുനഃപരീക്ഷ അടക്കം ആവശ്യപ്പെടുന്ന ഹർജികൾ സുപ്രീം കോടതി ജൂലൈ 18ലേക്ക് നീട്ടി വെച്ചു. കേന്ദ്രസർക്കാരും നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയും കഴിഞ്ഞ ദിവസം ഏറെ വൈകി നൽകിയ സത്യവാങ്മൂലത്തിൻ്റെ പകർപ്പ് ലഭിച്ചില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് ഹർജികളിൽ വാദം കേൾക്കുന്നത് മാറ്റിയത്. ഹർജികളിന്മേൽ കേന്ദ്ര സർക്കാരും എന്‍ടിഎയും സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലിഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും ഫലം റദ്ദാക്കേണ്ടതില്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാട്ന, ഗ്രോധ എന്നിവിടങ്ങളിൽ ഒതുങ്ങുന്ന ക്രമക്കേടുകൾ മാത്രമാണ് നടന്നത്. തെറ്റായ കാര്യങ്ങൾ ചില വിദ്യാർഥികൾ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളിൽ മാത്രമാണ്. ഇത് പൂർണ്ണമായി പരീക്ഷ നടപടികളെ ബാധിക്കുന്നില്ലെന്നാണ് എൻടിഎയുടെ വാദം. റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപകാതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങൾ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് സിബിഐയും കോടതിയിൽ നൽകിയിട്ടുണ്ട്.