
നീറ്റ് യുജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പരീക്ഷ പൂർണമായും റദ്ദാക്കണം, പുനഃപരീക്ഷ നടത്തണം, നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള 38 ഹർജികളാണ് പരിഗണിക്കുക.
കൗൺസലിങ് നടപടികൾ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലെത്തുന്നത്. അതേസമയം, പരീക്ഷ റദ്ദാക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷ വീണ്ടും നടത്തുന്നത് സത്യസന്ധമായി പരീക്ഷയെ സമീപിച്ച വിദ്യാര്‍ഥികളെ ബാധിക്കും. ഇന്ത്യ മുഴുവന്‍ നടത്തിയ പരീക്ഷയില്‍ വലിയ രീതിയിലുള്ള ക്രമക്കേട് തെളിയിക്കാത്തതിനാല്‍ മുഴുവന്‍ പരീക്ഷയും റദ്ദാക്കുന്നത് യുക്തിസഹമല്ലെന്നും സത്യവാങ്മൂലത്തിലൂടെ കേന്ദ്രം അറിയിച്ചിരുന്നു.
പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണം പുരോഗമിക്കുന്നുവെന്നുമായിരുന്നു കേന്ദ്രസർക്കാരിൻ്റെ നിലപാട്. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരീക്ഷാ നടത്തിപ്പിനിടയില്‍ ക്രമക്കേടുകള്‍, ചതി, ആള്‍മാറാട്ടം, അഴിമതി തുടങ്ങിയവ നടന്നിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രിം കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.